ജക്കാർത്ത: നാറ്റോ സഖ്യകക്ഷിയായ പോളണ്ടിലെ റഷ്യൻ മിസൈൽ ആക്രമണത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയിൽ ജി 7, നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇന്നലെയാണ് യുക്രൈൻ അതിർത്തിയിലുള്ള പോളണ്ടിന്‍റെ കിഴക്കൻ മേഖലയിലുള്ള ഗ്രാമത്തിൽ റഷ്യൻ നിർമിത മിസൈൽ പതിച്ച് രണ്ടുപേർ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈഡൻ പോളിഷ് പ്രസിഡന്‍റ് ആന്ദ്രെ ദുദയെ വിളിച്ച് അനുശോചനം രേഖപ്പെടുത്തുകയും പോളണ്ടിന്‍റെ അന്വേഷണത്തിന് പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
പോളണ്ടിലെ മിസൈൽ ആക്രമണം: ജി 7, നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ജോ ബൈഡൻ - ബൈഡൻ
ബൈഡൻ പോളിഷ് പ്രസിഡന്‍റ് ആന്ദ്രെ ദുദയെ വിളിച്ച് അനുശോചനം രേഖപ്പെടുത്തുകയും പോളണ്ടിന്‍റെ അന്വേഷണത്തിന് പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു
കിഴക്കൻ പോളണ്ടിലെ മിസൈലാക്രമണത്തെക്കുറിച്ച് പോളിഷ് വിദേശകാര്യ മന്ത്രി റാവു, യുക്രൈൻ വിദേശകാര്യ മന്ത്രി കുലേബ എന്നിവരുമായി ഇന്ന് രാവിലെ ചർച്ച നടത്തിയിട്ടുള്ളതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് ആവശ്യമായ നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പതിച്ച മിസൈൽ റഷ്യൻ നിർമിതമാണെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ഈ പ്രസ്‌താവന റഷ്യൻ അധികൃതർ നിഷേധിച്ചിട്ടുമുണ്ട്. ഇന്നലെ നടന്നത് റഷ്യയുടെ ബോധപൂർവമുള്ള ആക്രമണമാണെന്ന് സ്ഥിരീകരിച്ചാൽ യുക്രൈൻ അധിനിവേശത്തിന് ശേഷം നാറ്റോ സഖ്യകക്ഷിയിലുള്ള രണ്ടാമത്തെ രാജ്യത്തിനെതിരെയുള്ള ഒരു നീക്കമായി ഇതിനെ കാണേണ്ടി വരും. സഖ്യകക്ഷിയിലെ ഏതെങ്കിലും ഒരു രാജ്യം സുരക്ഷ ഭീഷണി നേരിട്ടാൽ മറ്റു രാജ്യങ്ങൾ ഒറ്റക്കെട്ടായി അവരെ സഹായിക്കണമെന്നാണ് നാറ്റോയുടെ അടിത്തറ.