കുള്‍പി(പശ്ചിമ ബംഗാള്‍) : ഖിദേര്‍പോര്‍ തുറമുഖത്ത് നിന്നും ബംഗ്ലാദേശിലേയ്‌ക്ക് ചരക്കുമായി പോവുകയായിരുന്ന എംവി റഫ്‌സന്‍ ഹബീബ്-3 എന്ന കപ്പല്‍ എതിരെ വന്ന ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കുള്‍പിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എതിരെ വന്ന കപ്പല്‍ ദൃശ്യമാകാതിരുന്നതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍, ഖിദേര്‍പോര്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പലില്‍ വിള്ളല്‍ രൂപപ്പെടുകയും ഉള്ളില്‍ വെള്ളം കയറുകയും ചെയ്‌തതോടെ മുങ്ങി.
അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ ജീവനക്കാര്‍ അലാം മുഴക്കിയതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ അപകടം തിരിച്ചറിഞ്ഞത്. വൈകാതെ കുള്‍പി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
അപകടശേഷം, എതിരെ വന്ന കപ്പല്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു. എന്തുകൊണ്ടാണ് കപ്പല്‍ പ്രദേശത്ത് നിന്ന് വിട്ടുപോയത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 'ബംഗ്ലാദേശിലേക്ക് പോകാന്‍ നംഖാന മാര്‍ഗമായിരുന്നു ഞങ്ങള്‍ തെരഞ്ഞെടുത്തത്. യാത്രാമധ്യേ എതിരെ വന്ന കപ്പല്‍ ഞങ്ങളുടെ കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. കപ്പല്‍ മുങ്ങാന്‍ ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ അലാം മുഴക്കുകയും സഹായത്തിനായി ഉറക്കെ വിളിക്കുകയായിരുന്നുവെന്നും ' ജീവനക്കാരിലൊരാള്‍ പറഞ്ഞു.
വെള്ളത്തില്‍ മുങ്ങിയ എംവി റഫ്‌സന്‍ ഹബീബ്-3 എന്ന കപ്പലിനെ ഉയര്‍ത്താന്‍ രണ്ട് ബോട്ടുകളുമായാണ് കുള്‍പി പൊലീസ് എത്തിയത്. രണ്ട് ദിവസം മുമ്പ് നോർത്ത് 24 പർഗാനാസ് - സുന്ദർബനിലെ ബെറ്റ്‌നി നദിയിൽ ചരക്ക് കപ്പൽ മറിഞ്ഞ് രണ്ട് പേരെ കാണാതായിരുന്നു. അപകടത്തില്‍ 10 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് വിവരം.
കഴിഞ്ഞ മാസം കാക്‌ദ്വീപില്‍ കടത്തുവള്ളത്തില്‍ കുടുങ്ങിപ്പോയ 511 പേരെ ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡാണ് രക്ഷിച്ചത്.