ബാങ്കോക്ക്: നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മാറിലെ പുറത്താക്കപ്പെട്ട ഭരണാധികാരിയുമായ ആങ് സാന്‍ സൂചിക്കെതിരെ രണ്ട് അഴിമതി ആരോപണങ്ങളില്‍ കൂടി കോടതി ശിക്ഷ വിധിച്ചു. മുന്‍പുള്ള ശിക്ഷയോടൊപ്പം ആകെ 26 വര്‍ഷം തടവു ശിക്ഷയാണ് ലഭിച്ചത്. സൈന്യം ഭരിക്കുന്ന മ്യാന്‍മാറിലെ പ്രത്യേക കോടതിയുടേതാണ് വിധി.
ആങ് സാന്‍ സൂചിക്കെതിരെ കൂടുതല്‍ കേസുകള്‍; തടവ് ശിക്ഷ അനുഭവിക്കേണ്ടത് 26 വര്‍ഷം - മ്യാന്‍മാര്‍ ഇന്നത്തെ പ്രധാന വാര്‍ത്ത
നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മാറിലെ പുറത്താക്കപ്പെട്ട ഭരണാധികാരിയുമായ ആങ് സാന്‍ സൂചിക്കെതിരെ രണ്ട് അഴിമതി ആരോപണങ്ങളില്‍ കൂടി കോടതി ശിക്ഷ വിധിച്ചതോടെ സൂചി 26 വര്‍ഷം തടവ് ശിക്ഷയനുഭവിക്കണം
2021 ഫെബ്രുവരിയില്‍ മ്യാന്‍മാറിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നും സൈന്യം അധികാരം പിടിച്ചെടുത്തപ്പോള്‍ 77കാരിയും ഭരണാധികാരിയുമായിരുന്ന ആങ് സാന്‍ സൂചി തടവിലായി. മയക്കുമരുന്ന് കടത്തിന്‍റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട വ്യവസായിയായ മൗംഗ് വെയ്‌ക്കിലില്‍ നിന്ന് 5,50,000 ഡോളർ കൈക്കൂലിയായി വാങ്ങിയെന്ന ആരോപണത്തെ സൂചി നിഷേധിച്ചു. അനധികൃതമായി വാക്കിടോക്കികള്‍ ഇറക്കുമതി ചെയ്യുകയും കൈവശം വയ്‌ക്കുകയും ചെയ്യുക, കൊവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിക്കുക, രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമങ്ങള്‍ ലംഘിക്കുക, രാജ്യദ്രോഹം, തെരഞ്ഞെടുപ്പിലെ അഴിമതി കൂടാതെയുള്ള അഞ്ച് അഴിമതി കേസുകള്‍ എന്നിവയാണ് സൂചിയ്‌ക്കെതിരെ ചുമത്തിയത്. ഇതിനായി 23 വര്‍ഷത്തെ തടവ് ശിക്ഷയാണ് ആങ് സാന്‍ സൂചിയ്‌ക്ക് ലഭിച്ചത്.
സൂചിയ്‌ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും രാഷ്‌ട്രീയ പ്രേരിതമാണെന്നും അവരെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമമാണിതെന്നും സൂചി അനുകൂലികളും സ്വതന്ത്ര വിശകലന വിദഗ്‌ധരും പറയുന്നു. 2023ലെ തെരഞ്ഞെടുപ്പില്‍ സൂചിയെ അകറ്റി നിര്‍ത്തി അധികാരം പിടിച്ചെടുക്കുവാനുള്ള സൈന്യത്തിന്‍റെ ശ്രമമാണിത് എന്നാണ് റിപ്പോര്‍ട്ട്.