സിഡ്‌നി : അമ്മയുടെ വികലാംഗ പെന്‍ഷനില്‍ വളര്‍ന്ന് രാജ്യത്തിന്‍റെ പരമോന്നത സ്ഥാനത്തേക്ക്, ഓസ്ട്രേലിയക്കാരുടെ പ്രിയപ്പെട്ട ആല്‍ബോ രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രി. 121 വര്‍ഷത്തിനിടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ആംഗ്ലോ സെൽറ്റിക് ഇതര നാമധാരിയായി ആന്‍റണി ആൽബനീസ്. ഓസ്ട്രേലിയയുടെ 31ാമത്തെ പ്രധാനമന്ത്രിയായി ആൽബനീസ് സ്ഥാനമേല്‍ക്കുമ്പോള്‍ ഒരു പതിറ്റാണ്ടോളം തുടര്‍ന്ന വലതുപക്ഷ ഭരണത്തിനാണ് തിരശ്ശീല വീഴുന്നത്.
"സിഡ്‌നിയുടെ ഉള്‍പ്രദേശത്ത് വളര്‍ന്ന എന്നെ നിങ്ങളുടെ നേതാവാക്കിയതിന് നന്ദി. എല്ലാ മാതാപിതാക്കളെയും പോലെ എന്‍റെ അമ്മയും എനിക്ക് നല്ലൊരു ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. എന്‍റെ ജീവിതം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നു." തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് അല്‍ബനീസ് വികാരാധീനനായി. ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച ഇടതുപക്ഷ ലേബർ പാർട്ടി നേതാവിന് ആശംസയറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പടെ നിരവധി പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.
ആല്‍ബനീസിന് ആശംസയറിയിച്ച് പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയുടെ പ്രതിപക്ഷ നേതാവായിരുന്നു ആല്‍ബനീസ്. ശനിയാഴ്‌ച നടന്ന തെരെഞ്ഞെടുപ്പില്‍ സ്കോട്ട് മോറിസണിനെ തോല്‍പ്പിച്ചാണ് ആല്‍ബനീസിന്‍റെ വിജയം. ആല്‍ബനീസിന്‍റെ ലേബര്‍ പാര്‍ട്ടി 72 സീറ്റുകളും മോറിസന്‍റെ ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്ട്രേലിയ 55 സീറ്റുകളുമാണ് നേടിയത്. 15 സീറ്റുകൾ സ്വതന്ത്രരും മറ്റ് ചെറിയ പാർട്ടികളും നേടി.
തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താന്‍ ദിവസങ്ങള്‍ വേണമെന്നിരിക്കെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കൊപ്പം ചൊവ്വാഴ്‌ച ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ആൽബനീസ് ആക്‌ടിംഗ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.
കാലാവസ്ഥ, കൊവിഡ്-19, സ്ത്രീകളുടെ അവകാശങ്ങൾ, രാഷ്ട്രീയ സമഗ്രത, കാട്ടുതീ, വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ എന്നീ വിഷയങ്ങളില്‍ മുന്‍ പ്രധാനമന്ത്രി മോറിസണും സംഘവും കൈക്കൊണ്ട നിലപാടുകളാണ് ആല്‍ബനീസിനെ തുണച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വിജയിച്ച സ്ഥാനാർഥികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മോറിസന്‍റെ ഭരണകാലത്ത് പാർലമെന്‍റിനെ പിടിച്ചുകുലുക്കിയ ലൈംഗിക പീഡനാരോപണങ്ങളാണ് ആല്‍ബനീസിന്‍റെയും പാര്‍ട്ടിയുടെയും വിജയത്തിന് കളമൊരുക്കിയത്.
ഓസ്‌ട്രേലിയക്കാരെ ഐക്യ ഗവൺമെന്‍റിന് കീഴില്‍ ഒരുമിച്ച് കൊണ്ടുവരുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും സാമൂഹിക സേവനങ്ങളിലെ നിക്ഷേപം വർധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ആൽബനീസ് പറഞ്ഞു. 2001മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഉയർന്ന പണപ്പെരുപ്പവും ഭവന വില വര്‍ധനവും കൊണ്ട് പൊറുതി മുട്ടിയ ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് കൂടുതൽ സാമ്പത്തിക സഹായവും ശക്തമായ സാമൂഹിക സുരക്ഷാ പരിഗണനയും ലേബർ പാര്‍ട്ടി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ജീവനക്കാരുടെ അടിസ്ഥാന വേതനം വർധിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നു. സേനകളെ പരിശീലിപ്പിക്കുന്നതിനായി ഒരു പസഫിക് ഡിഫൻസ് സ്‌കൂൾ സ്ഥാപിക്കാൻ വിദേശനയ മുന്നണിയിൽ പാര്‍ട്ടി നിർദേശിച്ചിട്ടുണ്ട്. 2019 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോറിസന്‍റെ ജനപ്രീതി ഗണ്യമായി കുറഞ്ഞിരുന്നു. 2022 ലെ തോല്‍വിയോടെ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നും മോറിസണ്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.