ന്യൂയോർക്ക്:പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം സ്വന്തമാക്കാൻ കഴിയാതെ വന്നതോടെ ചെലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണും. കമ്പനിയുടെ 10,000 ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ഇത് കമ്പനിയുടെ ജീവനക്കാരുടെ മൂന്ന് ശതമാനത്തോളം വരും. ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്.
അലക്‌സ വോയ്‌സ് അസിസ്റ്റന്‍റ്, ഹോം-സെക്യൂരിറ്റി ക്യാമറകൾ ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നത്. അതേസമയം പിരിച്ചുവിടുന്ന വിവരം കമ്പനി ജീവനക്കാരെ എപ്പോൾ അറിയിക്കുമെന്ന കാര്യത്തിൽ വ്യക്‌തതയില്ല.