കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനപ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ ഒഴികെ എല്ലാ മന്ത്രിമാരും രാജിവച്ചതായി വിദ്യാഭ്യാസ മന്ത്രിയും സഭാനേതാവുമായ ദിനേഷ് ഗുണവര്‍ധന അറിയിച്ചു. 26 മന്ത്രിമാര്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയ്ക്ക് രാജിക്കത്ത് കൈമാറിയെന്നും ഗുണവര്‍ധന വ്യക്തമാക്കി.
കായിക, യുവജനകാര്യ മന്ത്രിയും മഹീന്ദ രജപക്‌സെയുടെ മകനുമായ നമല്‍ രജപക്‌സെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ പ്രസിഡന്‍റ് ഗോതബായ രജപക്‌സെയും ഉടന്‍ കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. പുതിയ മന്ത്രിസഭ ഉടന്‍ രൂപവത്‌കരിയ്ക്കുമെന്നാണ് റിപ്പോർട്ടുകള്‍.
പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയതിന് പിന്നാലെയാണ് മന്ത്രിസഭയിലെ കൂട്ടരാജി. ശ്രീലങ്കൻ മാധ്യമങ്ങളാണ് രജപക്‌സെ രാജിക്കത്ത് നൽകിയതായി റിപ്പോർട്ടുകൾ നൽകിയത്. എന്നാൽ വാർത്ത അന്താരാഷ്‌ട്ര തലത്തിൽ ഏത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം നിഷേധിയ്ക്കുകയായിരുന്നു.