ന്യൂഡല്‍ഹി : നേപ്പാളിലെ പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനാപകടം. ഇതുവരെ 68 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. നാല് ജീവനക്കാരും 10 വിദേശികളുമടക്കം 68 യാത്രക്കാരുമായി കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പറന്ന 72 സീറ്റുകളുള്ള യെതി എയർലൈൻ എടിആർ-72 വിമാനമാണ് തകർന്നത്.
രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് വിമാനം തകർന്നുവീണത്. വിമാനം ഏതാണ്ട് പൂർണമായും കത്തിനശിച്ച അവസ്ഥയിലാണ്. യാത്രക്കാരിൽ അഞ്ച് ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു. പാസഞ്ചർ ലിസ്റ്റ് അടക്കമുള്ള കാര്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് യതി എയർലൈൻസ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ വിമാനത്താവളം തത്‌കാലം അടച്ചിട്ടിരിക്കുകയാണ്.
രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെ 10 വിദേശ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നെന്ന് സുദർശൻ ബർതൗള മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് നേപ്പാൾ സർക്കാർ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും എല്ലാ സർക്കാർ ഏജൻസികൾക്കും നേപ്പാൾ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അപകടകാരണം വ്യക്തമായിട്ടില്ല.
വിമാനം കാഠ്‌മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.33 ന് പറന്നുയർന്നുവെന്നും ഹിമാലയൻ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിലെ വിമാനത്താവളത്തിൽ ക്രാഷ് ലാൻഡ് ചെയ്‌തുവെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ (CAAN) പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ ദുഖം രേഖപ്പെടുത്തി. 'നേപ്പാളിലുണ്ടായ ദാരുണമായ വിമാനാപകടം അത്യന്തം ദൗർഭാഗ്യകരമാണ്. എന്‍റെ പ്രാർഥനകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമുണ്ട്. ഓം ശാന്തി.' - ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.