കാബൂൾ : രാജ്യ സമ്പദ്‌വ്യവസ്ഥ താറുമാറാക്കിയ, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ച, ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയ, പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന് കാരണമായ താലിബാന്‍റെ അഫ്‌ഗാന്‍ പിടിച്ചടക്കലിന് ഒരാണ്ട്. യു.എസ് സേനയുടെ പൂർണമായ പിന്മാറ്റത്തോടെയാണ് യുദ്ധമാർഗത്തിലൂടെ താലിബാൻ അഫ്‌ഗാൻ പൂര്‍ണമായി അധീനതയിലാക്കിയത്. കാബൂൾ ഒഴികെയുള്ള എല്ലാ തന്ത്രപ്രധാന നഗരങ്ങളും നേരത്തെ പിടിച്ചടക്കിയ താലിബാൻ 2021 ഓഗസ്റ്റ് 15ന് തലസ്ഥാന നഗരമായ കാബൂളും കീഴടക്കുകയായിരുന്നു.
രാജ്യഭരണം കൈയാളലിന് ഒരു വർഷം പൂർത്തിയാകുമ്പോൾ ബാനറുകൾ ഉയർത്തിയും തെരുവുകളിൽ കാൽനടയായും സൈക്കിളുകളിലും മോട്ടോർ ബൈക്കുകളിലുമായും വിജയ പരേഡുകൾ നടത്തിയാണ് താലിബാൻ ആഘോഷിച്ചത്. "ഇസ്ലാം നീണാൾ വാഴട്ടെ", "അമേരിക്കയ്ക്ക് മരണം" എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് തോക്കുകളേന്തിയ, താലിബാൻ സൈനികർ മുൻ യു.എസ് എംബസിക്ക് മുൻപിലൂടെ മാർച്ച് നടത്തി. ചിലർ ആഘോഷപൂർവം ആകാശത്തേക്ക് വെടിയുതിർത്തു. എന്നാൽ 4.5 ദശലക്ഷം ആളുകൾ താമസിക്കുന്ന കാബൂൾ നഗരം പൊതുവേ ശാന്തമായിരുന്നു.
ഈ ഒരു വർഷം കൊണ്ട് സാമ്പത്തിക മാന്ദ്യം ദശലക്ഷക്കണക്കിന് അഫ്‌ഗാനികളെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും എടുത്തെറിഞ്ഞു. വിദേശ സഹായത്തിന്‍റെ ഒഴുക്ക് നിലച്ചു. അധികാരം സ്ഥാപിക്കുമ്പോൾ താലിബാന് വേണ്ടി സംസാരിച്ച സബിഹുല്ല മുജാഹിദ് പുതിയ താലിബാൻ സർക്കാരിന് വേണ്ടി നിരവധി വാഗ്‌ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ താലിബാൻ സർക്കാർ ആ വാഗ്‌ദാനങ്ങൾ പാലിച്ചോ എന്ന ചോദ്യം രാജ്യത്തിന്‍റെ ഓരോ മുക്കിലും മൂലയിലും മുഴങ്ങിക്കേൾക്കുകയാണ്.
സ്വാതന്ത്ര്യം തടവറയിലായ ഒരു വർഷം :
"ഞങ്ങൾ സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കും…ഇസ്ലാമിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ രാജ്യത്തെ സ്ത്രീകൾ വളരെ സജീവമായിരിക്കും"
സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തിക്കൊണ്ടായിരുന്നു 1990കളിൽ താലിബാൻ ഭരണകൂടം അഫ്‌ഗാനിസ്ഥാൻ ഭരിച്ചത്. സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. പെൺകുട്ടികളെ സ്‌കൂളിൽ നിന്ന് വിലക്കിയിരുന്നു. പരസ്യമായി വധശിക്ഷ നടപ്പിലാക്കിക്കൊണ്ട് കർശനമായ ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കി.
കഴിഞ്ഞ വർഷം താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷവും രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ മറിച്ചല്ല. വസ്ത്രധാരണം സംബന്ധിച്ച നിയന്ത്രണങ്ങളും പുരുഷന്മാരുടെ അകമ്പടിയില്ലാതെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് വിലക്കുന്നത് സംബന്ധിച്ച നിയമങ്ങളും താലിബാൻ രാജ്യത്ത് നടപ്പിലാക്കി. ഈ വർഷം മാർച്ചിൽ പുതിയ അധ്യയന വർഷം ആരംഭിച്ചുവെങ്കിലും പെൺകുട്ടികൾക്ക് സെക്കൻഡറി സ്‌കൂളിൽ ചേരാൻ അനുവാദമുണ്ടായിരുന്നില്ല. വനിത അധ്യാപകരെ സ്‌കൂളുകളിൽ നിന്നും വിലക്കി.
ഇത് ഏകദേശം 1.1 മില്യൺ വിദ്യാർഥികളെയാണ് ബാധിച്ചതെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. ഇത് വ്യാപകമായ അന്താരാഷ്‌ട്ര വിമർശനത്തിന് കാരണമായതിന് പിന്നാലെ പെൺകുട്ടികൾക്ക് പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം അനുവദിച്ചു. എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറകെട്ടിത്തിരിച്ചുകൊണ്ടുള്ള സമ്പ്രദായമായിരുന്നു നടപ്പിലാക്കിയത്. ഫെബ്രുവരിയിൽ ചില പൊതു സർവകലാശാലകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രവേശനം ഏർപ്പെടുത്തിയിരുന്നു.
സ്ത്രീകളില്ലാതെ തൊഴിലിടങ്ങൾ : താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷം തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞതായി ലോകബാങ്ക് പറയുന്നു. 1998നും 2019നും ഇടയിൽ രാജ്യത്ത് തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം 15%ൽ നിന്ന് 22% ആയി വർധിച്ചിരുന്നു. എന്നാൽ താലിബാന്‍ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതോടെ അഫ്‌ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 2021ൽ 15% ആയി കുറഞ്ഞു.
അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ താലിബാൻ ഇല്ലാതാക്കിയതായി ജൂലൈയിലെ ആംനസ്റ്റി റിപ്പോർട്ട് പറയുന്നു. തങ്ങളുടെ മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
തകർന്ന് തരിപ്പണമായി സമ്പദ്‌വ്യവസ്ഥ :
"നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ, നമ്മുടെ പുനർനിർമാണത്തിനായി, നമ്മുടെ അഭിവൃദ്ധിക്കായി ഞങ്ങൾ പ്രവർത്തിക്കാൻ പോകുന്നു"
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരമേറ്റെടുത്തതിന് ശേഷം അഫ്‌ഗാനിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥ 30%-40% ആണ് തകർന്നതെന്ന് യുഎൻ സുരക്ഷ കൗൺസിൽ ജൂണിൽ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് സൈന്യം രാജ്യം വിട്ടതിന് ശേഷം അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാൻ ഉപരോധത്തിന് കീഴിലാണ്. രാജ്യത്തിന്‍റെ ഭരണത്തെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത താലിബാന്‍റെ പരിചയക്കുറവും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി.