കാബൂൾ:അഫ്‌ഗാനിസ്ഥാനിൽ ദാരിദ്ര്യത്തിന്‍റെയും തൊഴിലില്ലായ്‌മയുടെയും അളവ് വർധിച്ചതായി വേൾഡ് ഫുഡ് പ്രോഗ്രാം (WFP). അഫ്‌ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണി അനുഭവിക്കുകയാണെന്നും അവർക്ക് ഉടനടി സഹായം ആവശ്യമാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാം ട്വീറ്റ് ചെയ്‌തു. കൂടാതെ യുഎൻ റിപ്പോർട്ടുകൾ പ്രകാരം അഫ്‌ഗാനിസ്ഥാനിലെ ദാരിദ്യ നിരക്ക് 97 ശതമാനമായി ഉയർന്നു.
പത്തിൽ ഒമ്പത് പേർക്കും ഭക്ഷണം വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഒക്‌ടോബർ 16ന് ആചരിച്ച ലോക ഭക്ഷ്യ ദിനത്തിൽ ഏകദേശം 19 ദശലക്ഷം അഫ്‌ഗാനികൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം കണക്കാക്കുന്നു. 19 ദശലക്ഷം ആളുകൾ പട്ടിണി നേരിടുന്നു. 25 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലാണ്. 5.8 ദശലക്ഷം ആളുകൾ പലായനം ചെയ്യേണ്ട അവസ്ഥയിലാണ്.
വേൾഡ് ഫുഡ് പ്രോഗ്രാമും (ഡബ്ല്യുഎഫ്‌പി) അഫ്‌ഗാനിസ്ഥാനിലെ യുഎൻ ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സും (യുനോച്ച) അഫ്‌ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ അപലപിച്ചു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഭൂകമ്പത്തിലും ആയിരക്കണക്കിന് വീടുകളാണ് അഫ്‌ഗാനിസ്ഥാനിൽ തകർന്നത്. ശീതകാലം അതിജീവിക്കാൻ ഭക്ഷണം, പോഷകാഹാരം, വസ്‌ത്രം, പാർപ്പിടം എന്നിവ ആവശ്യമാണെന്ന് യുഎൻ ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ട്വീറ്റ് ചെയ്‌തു.
അഫ്‌ഗാനിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വേൾഡ് ഫുഡ് പ്രോഗ്രാമും ആശങ്ക ഉയർത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി അഫ്‌ഗാനിസ്ഥാനിലുടനീളം ജോലികളും ശമ്പളവും ഉപജീവനവും ഇല്ലാതാക്കി. ഈ അവസ്ഥയിൽ അഫ്‌ഗാനിലെ കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണ്.
അഫ്‌ഗാനിസ്ഥാനിലെ വർധിച്ചുവരുന്ന പ്രതിസന്ധി ചെറുകിട സംരംഭങ്ങളെ ഏറ്റവും കൂടുതൽ ബാധിച്ചു. വിൽപ്പനയിലെ കുറവും ഉൽപ്പന്നങ്ങളുടെ ഉപഭോക്തൃ ഡിമാൻഡിൽ ഗണ്യമായ കുറവും കാരണം സ്വകാര്യ കമ്പനികൾ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടു.