ടോക്കിയോ: ദുരൂഹത ഒഴിയാതെ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിലേക്ക് നയിച്ച ആക്രമണം. പടിഞ്ഞാറൻ ജപ്പാനിലെ നാര നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ജപ്പാൻ സമയം രാവിലെ 11.30നാണ് ഷിൻസോയ്ക്ക് വെടിയേൽക്കുന്നത്. അദ്ദേഹത്തിന്‍റെ പിന്നിൽ നിന്ന് രണ്ട് തവണയാണ് അക്രമി വെടിയുതിർത്തത്.
നാര സ്വദേശിയും ജപ്പാൻ മുൻ നാവിക സേനാംഗവുമായ തെത്സുയ യമഗാമിയാണ് കൊലപാതകം ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. 2005ൽ നാവിക സേനയിൽ നിന്നും സജീവ സേവനം ഉപേക്ഷിച്ച വ്യക്തിയാണ് തെത്സുയ യമഗാമി. മുൻ നാവികസേനാംഗം ആബെയ്ക്ക് സമീപം എങ്ങനെയെത്തിയെന്നും വ്യക്തമായും കൃത്യമായും രണ്ട് തവണ ആബെയുടെ കഴുത്തിൽ വെടിയുതിർക്കുന്നതിന് എങ്ങനെ സാധിച്ചുവെന്നതും മുൻ പ്രധാനമന്ത്രിക്കുണ്ടായിരുന്ന സുരക്ഷയിൽ ചോദ്യചിഹ്നം തീർക്കുകയാണ്. 5 സെന്‍റീമീറ്റർ അകലത്തിലാണ് രണ്ട് വെടിയുണ്ടകളും ആബെയുടെ കഴുത്തിൽ പതിച്ചത്.
കൊലയാളി ഇതിനായി നന്നായി പരിശീലനം നേടിയിരുന്നുവെന്നോ അല്ലെങ്കിൽ കൃത്യമായി പതിക്കാൻ മാത്രം മികച്ചൊരു തിരയായിരുന്നു അതെന്നും അനുമാനിക്കാം. എന്നാൽ പൊലീസിന് ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പില്ല. ചാരനിറത്തിലുള്ള ടീ-ഷർട്ടും കാക്കി കാർഗോയും തോക്ക് സൂക്ഷിച്ചിരുന്നുവെന്ന് സംശയിക്കുന്ന കുറുകെ ധരിക്കുന്ന ഒരു കറുത്ത ബാഗുമായി ഇടത്തരം ഉയരമുള്ള കൊലയാളി സംഭവത്തിന് തൊട്ടുമുമ്പ് എടുത്ത നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങളാൽ 2020ൽ ഷിൻസോ രാജി വച്ചെങ്കിലും അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കിയിരുന്നു. കുറ്റകൃത്യങ്ങളില്ലാത്ത ഒരു സമൂഹത്തെ ലോകത്തിന് സംഭാവന നൽകിയ ലോകത്തിലെ ഏറ്റവും മികച്ച നിയമപാലകർ ഉള്ള രാജ്യമാണ് ജപ്പാൻ. വളരെ കർക്കശമായ തോക്ക് നിയന്ത്രണ നിയമങ്ങൾ രാജ്യത്ത് നിലനിൽക്കുമ്പോഴും കൊലപാതകിയുടെ പക്കൽ തോക്ക് എങ്ങനെ വന്നു എന്നത് ആശങ്കാജനകമാണ്.