വാഷിംഗ്ടൺ: തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി ഭരണാധികാരികൾക്കറിയില്ലെന്ന് വിദേശകാര്യമന്ത്രി അദെൽ അൽ ജുബൈർ. ഖഷോഗിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘം കസ്റ്റഡിയിലിരിക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്ഥാവനയെന്നതും ശ്രദ്ധേയമാണ്.
ഖഷോഗിയുടെ മൃതദേഹമെവിടെയെന്ന് തങ്ങൾക്കറിയില്ല; സൗദി വിദേശകാര്യമന്ത്രി - dead body of jamal khashoggi
ഖഷോഗിയുടെ മരണം സംബന്ധിച്ച ആരോപണങ്ങളിൽ വിശ്വാസമില്ല. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് മരണത്തിൽ പങ്കില്ല. ഗവൺമെന്‍റിന്‍റെ അറിവോടെയല്ല കൊലപാതകം നടന്നത്- അദെൽ അൽ ജുബൈർ
ഖഷോഗിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചത് 11 അംഗ സൗദി സംഘമാണെന്ന് ജുബൈർ വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലിരിക്കുന്ന ഇവർക്ക് ഖഷോഗിയുടെ മൃതദേഹത്തെക്കുറിച്ച് അറിവില്ലേയെന്ന ചോദ്യത്തിന് തുടരന്വേഷണം പുരോഗമിക്കുകയാണെന്നാണ് മന്ത്രി മറുപടി നൽകിയത്. മുന്നോട്ടുള്ള ദിനങ്ങളിൽ സത്യം പുറത്തുവരുമെന്നും മൃതശരീരം എവിടെയെന്നതിന് ഉത്തരം ലഭിക്കുമെന്നും അൽ ജുബൈർ കൂട്ടിച്ചേർത്തു.
സൗദി അറേബ്യൻ ഭരണകൂടത്തിന്‍റെ വിമർശകനും വാഷിംഗ്ടൺ പോസ്റ്റിൽ കോളമെഴുത്തുകാരനുമായ ജമാൽ ഖഷോഗി ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ വച്ച് കൊല്ലപ്പെട്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി യുഎൻ മനുഷ്യാവകാശ വിഭാഗം പ്രഖ്യാപിച്ചിരുന്നു.