ടെല്‍ അവീവ്: ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ നടപടിയെ പിന്തുണച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വയരക്ഷ മുന്‍ നിര്‍ത്തിയുള്ള അമേരിക്കയുടെ നടപടി ശരിയാണെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. സ്വയം രക്ഷയ്‌ക്കായി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. അമേരിക്കന്‍ പൗരന്‍മാരടക്കം നിരവധി നിരപരാധികളുടെ മരണത്തിന് ഉത്തരവാദിയാണ് ഖാസിം സുലൈമാനി. അത്തരം ആക്രമണങ്ങള്‍ വീണ്ടും നടത്താല്‍ ഖാസിം പദ്ധതിയിട്ടിരുന്നുവെന്നും ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ വ്യോമാക്രമണത്തെ പിന്തുണച്ച് ഇസ്രായേല്‍
സമാധാനത്തിനും സുരക്ഷയ്‌ക്കും സ്വയരക്ഷയ്‌ക്കും വേണ്ടിയുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് ഇസ്രായേലിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്‌തു
ഖാസിം സുലൈമാനിയെ വധിച്ച നടപടിയുടെ ക്രെഡിറ്റ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനുള്ളതാണെന്നും സമാധാനത്തിനും സുരക്ഷയ്‌ക്കും സ്വയരക്ഷയ്‌ക്കും വേണ്ടിയുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് ഇസ്രായേലിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്നും നെതന്യാഹു ട്വീറ്റ് ചെയ്‌തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ ഇറാന്‍റെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശ പ്രകാരം നടന്ന ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യമാണുള്ളത്.