കെയ്റോ: ജോർദാൻ രാജാവും പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്‍റുമായി കെയ്റോയിൽ കൂടിക്കാഴ്ച നടത്തി ഈജിപ്ത് പ്രസിഡന്‍റ്. കിഴക്കൻ ഏഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ശക്തിപ്പടുത്താനും ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.
ഈജിപ്ത് പ്രസിഡന്‍റ് അബ്‌ദേൽ ഫത്താഹ് എൽ-സിസ്സി, ജോർദാൻ രാജാവ് അബ്‌ദുല്ല രണ്ടാമൻ, പലസ്‌തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രത്തിന് പലസ്‌തീൻ ജനതക്ക് അവകാശമുണ്ടെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. എന്നാൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള പദ്ധതിയോട് ഇസ്രയേൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.
മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സ്വാഗതാർഹമാണെന്ന് പറഞ്ഞ യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിൽ മികച്ച മാറ്റമുണ്ടാക്കാൻ ചർച്ചക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. വർഷങ്ങളായി ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഈജിപ്ത്.