സൗദി അറേബ്യ: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മസ്ജിദ് അല്‍ ഹറം മക്ക, അല്‍ മസ്ജിദ് അല്‍ നബാവി എന്നീ പ്രധാന പള്ളികളടക്കം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നത് നീട്ടി. റമദാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ഥനകളും ഉപേക്ഷിച്ചതായി മസ്ജിദ് പ്രസിഡന്‍റ് ജനറല്‍ ശൈഖ്അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഏറെ ദിവസങ്ങളായി പള്ളികളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
മക്കയടക്കമുളള പള്ളികളില്‍ പ്രാര്‍ഥനാ വിലക്ക് നീട്ടി സൗദി - Ramadan
റമദാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ഥനകളിലും പൊതുജനങ്ങളെ അനുവദിക്കില്ലെന്ന് മസ്ജിദ് പ്രസിഡന്‍റ് ജനറല്‍ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് ട്വീറ്റ് ചെയ്തു.
റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ നോമ്പുതുറകള്‍ക്കും പ്രത്യേക തറാവീഹ് നിസ്കാരത്തിനുമായി പള്ളികളില്‍ എത്താറുണ്ട്. എന്നാല്‍ കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജനങ്ങള്‍ ഒത്തു കൂടുന്നത് തടയുകയാണെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് പറഞ്ഞു. വിശ്വാസികള്‍ വീടുകളില്‍ തറാവീഹ് നിസ്കരിക്കണമെന്ന് കഴിഞ്ഞ ആഴ്ച്ച സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസി അല്‍ ശൈഖി പറഞ്ഞിരുന്നു. ഈദ് പ്രര്‍ഥനകളും വീടുകളില്‍ തന്നെ നടത്തിയാല്‍ മതിയെന്നും അദ്ദേഹം വിശ്വാസികളെ അറിയിച്ചു. അടുത്ത ആഴ്ചയാണ് റമദാന്‍ മാസം ആരംഭിക്കുന്നത്. രാജ്യത്ത് 10000-ല്‍ ഏറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 103 പേര്‍ മരിച്ചെന്നാണ് കണക്ക്.