ജനീവ:ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ലോകത്താകെ ഒമ്പത് കോടി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന. 2020ല്‍ ലോകത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളേക്കാള്‍ കൂടുതലാണ് ഈ സംഖ്യ. പത്താഴ്ച മുമ്പാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒമിക്രോണ്‍ ഇതുവരെ 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വ്യാപനശേഷി ഏറ്റവും കൂടുതലുള്ള കൊവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. ഒമിക്രോണ്‍ വകഭേദത്തെ ലാഘവത്തോടെ കാണാന്‍ പാടില്ലെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയോസ് മുന്നറിയിപ്പ് നല്‍കി. സമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകുമെന്ന ആശങ്കയില്‍ പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ കുറച്ചുവരികയാണ്.
എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒറ്റയടിക്ക് മറ്റേണ്ട സമയമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന്‍റെ രോഗ കാഠിന്യം കുറവാണെങ്കിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആശങ്കയുളവാക്കും വിധം കൊവിഡ് മരണനിരക്ക് വര്‍ധിച്ചുവരുന്നുണ്ടെന്ന് ടെഡ്രോസ് അദാനം ഗെബ്രിയോസ് വ്യക്തമാക്കി. ഒമിക്രോണ്‍ രോഗ കാഠിന്യം കുറവായതുകൊണ്ട്തന്നെ അതിന്‍റെ വ്യാപനത്തില്‍ ആശങ്കവേണ്ട എന്ന ഒരു ചിന്താഗതി പല രാജ്യങ്ങളിലും രൂപപ്പെട്ടതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ടെഡ്രോസ് അദാനം ഗെബ്രിയോസ് പറഞ്ഞു.
ഒമിക്രോണിന്‍റെ വ്യാപനം തടയുന്നതില്‍ അടിയറവ് പറയുന്നതും, ഒമിക്രോണിനെതിരെ വിജയം പ്രഖ്യാപിക്കുന്നതും ഏതൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളവും അപക്വമായിരിക്കും. ഒമിക്രോണ്‍ അപകടകാരിയാണ്. അതിന് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുകയാണെന്നും ടെഡ്രോസ് അദാനം ഗെബ്രിയോസ് പറഞ്ഞു.
ലോകത്തെ പ്രധാനപ്പെട്ട ആറ് ഭാഗങ്ങളില്‍ നാലിലും കൊവിഡ് മരണ നിരക്ക് വര്‍ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്പിലെ ബ്രിട്ടണ്‍, ഫ്രാന്‍സ്, അയര്‍ലൻഡ്, നെതര്‍ലൻഡ്‌സ് തുടങ്ങിയ പല രാജ്യങ്ങളും ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരികയാണ്. ഈ മാസം കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുമെന്ന് ഫിന്‍ലന്‍ഡ് അറിയിച്ചു.
ഡെന്‍മാര്‍ക്ക് ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. സമൂഹ്യപരമായി ആശങ്കയുണ്ടാക്കുന്ന ഒരു രോഗമായി കൊവിഡിനെ കാണുന്നില്ലെന്നാണ് ഡെന്‍മാര്‍ക്ക് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചത്. ഡെന്‍മാര്‍ക്കില്‍ കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിന കൊവിഡ് കണക്ക് 50,000ത്തില്‍ അധികമായിരുന്നു. എന്നാല്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നില്ല.
കൊവിഡ് വാക്സിനേഷന്‍ നിരക്ക് കൂടിയ രാജ്യങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കാവുന്നതാണ്. എന്നാല്‍ ഇതിന് മുന്നോടിയായി രോഗവ്യാപനത്തിന്‍റെ തോത്, കൊവിഡ് ഭീഷണി കൂടുതലുള്ള പ്രയാമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരുടെ ജനസംഖ്യാനുപാതം, സാമൂഹ്യ രോഗ പ്രതിരോധ ശേഷി, ചികിത്സ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഒരോ രാജ്യങ്ങളും അവരുടെ സവിശേഷമായ സാഹചര്യത്തിനനുസരിച്ചുള്ള കൊവിഡ് പ്രതിരോധ തന്ത്രമാണ് ആവിഷ്കരിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പല രാജ്യങ്ങളും അപക്വമായി കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. കൊവിഡ് വൈറസിന്‍റെ ഉദ്ഭവം സംബന്ധിച്ച പഠനത്തിനായി രൂപീകരിച്ച വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ഏതാനും ആഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ALSO READ:രോഗികളെ കൊവിഡ് പോസിറ്റീവായാല്‍ തിരിച്ചയക്കരുത്; പ്രത്യേക മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ വകുപ്പ്