ഹേഗ്: മ്യാൻമറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങൾക്ക് നേരെ നടന്ന വംശഹത്യ സംബന്ധിച്ച കേസില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതി ജനുവരി 23ന് വിധി പറയും. മ്യാന്‍മറിനെതിരെ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ നവംബറില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഐക്യരാഷ്ട്രസഭയുടെ ഉയര്‍ന്ന കോടതി വിധി പറയുക. ഗാംബിയൻ നീതിന്യായ മന്ത്രാലയമാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷമായ മുസ്‌ലിം റോഹിങ്ക്യൻ ജനതയ്‌ക്കെതിരെ മ്യാൻമർ നിരന്തരമായ വംശഹത്യ നടക്കുന്നുവെന്ന് ആരോപിച്ചാണ് ഗാംബിയ കോടതിയെ സമീപിച്ചത്.
മ്യാൻമര്‍ വംശഹത്യ കേസ്; അന്താരാഷ്‌ട്ര നീതിന്യായ കോടതി 23ന് വിധി പറയും
ന്യൂനപക്ഷമായ മുസ്‌ലിം റോഹിങ്ക്യൻ ജനതയ്‌ക്കെതിരെ മ്യാൻമർ നിരന്തരമായ വംശഹത്യ നടക്കുന്നുവെന്ന് ആരോപിച്ചാണ് ഗാംബിയ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.
2017 ഒക്‌ടോബറില്‍ മ്യാന്മറിലെ റാഖൈനിലെ സൈനിക അടിച്ചമര്‍ത്തലില്‍ നിരവധി റോഹിങ്ക്യകളാണ് കൊല്ലപ്പെട്ടത്. 7.30 ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും കുടിയേറി. റാഖൈനില്‍ ന്യൂനപക്ഷങ്ങള്‍ ഇനിയും അക്രമം അനുഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഉയര്‍ന്ന കോടതിയോട് ഗാംബിയ ആവശ്യപ്പെട്ടിരുന്നു. അതേസമയം റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ കേസ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മ്യാൻമര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി രംഗത്തെത്തിയിരുന്നു. റാഖൈനിൽ അക്രമം നടത്തിയെന്ന് തെളിയിക്കപ്പെട്ട സൈനികരെ ഇതിനകം ശിക്ഷിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. റോഹിങ്ക്യൻ സംഘർഷം പരിഹരിക്കേണ്ടത് തന്‍റെ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്നും ഓങ് സാന്‍ സൂചി പറഞ്ഞിരുന്നു.