ലണ്ടന്‍: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ് വൈറസിന്‍റെ വകഭേദമായ ബി വൺ 617.2 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 50 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാമത്തെ ഡോസ് വാക്സിനുകൾ ത്വരിതപ്പെടുത്താനുള്ള പദ്ധതി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. B1.617.2 വേരിയെന്‍റ് ആളുകളിൽ പെട്ടെന്ന് പകരുന്നതാണെന്നും എന്നാൽ എത്രത്തോളം പകരുന്നു എന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ നൽകിയിട്ടുള്ള വാക്സിനുകൾ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വേരിയന്‍റിനെതിരെ ഫലപ്രദമാകില്ല എന്നതിന് തെളിവുകളില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ പേരിലേക്ക് ഇത് പടരുന്നുണ്ടെന്ന് കണ്ടെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ജോൺസൺ പറഞ്ഞു. പുതിയ വേരിയന്‍റ് ഇപ്പോൾ ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്‍റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കനുസരിച്ച് യുകെയിൽ ഇതുവരെ പുതിയ വകഭേദമായ ബി1.617.2 ബാധിച്ച് നാല് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു.