കീവ്: യുക്രൈൻ തലസ്ഥാനമായ കീവിന് പുറത്തുള്ള തന്ത്രപ്രധാനമായ വിമാനത്താവളം പിടിച്ചെടുത്തതായി റഷ്യൻ സേന അറിയിച്ചു. പടിഞ്ഞാറ് നിന്നും കീവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും കീവ് നഗരത്തിന്‍റെ ഏഴ് കിലോമീറ്റർ സമീപത്ത് റഷ്യ അടുത്തതായും സേന അവകാശപ്പെടുന്നു.
യുക്രൈനെതിരെ പൂർണ തോതിലുള്ള റഷ്യൻ ആക്രമണം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ തലസ്ഥാനത്ത് പ്രതിരോധം തുടരുകയാണെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികളുൾപ്പെടെ 137 പേർ ഇതുവരെ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കി അറിയിച്ചു. 'നിങ്ങളുടെ രാജ്യത്തെ (യുക്രൈനെ) ചേർത്തുപിടിക്കൂ' എന്ന് ആഹ്വാനം ചെയ്‌ത സെലെൻസ്‌കി, കനത്ത പ്രതിരോധം ഏർപ്പെടുത്താനും രാജ്യത്തെ സൈനികരോട് അഭ്യർഥിച്ചു. റഷ്യയുടെ സൈന്യം അവരുടെ അധിനിവേശവുമായി മുന്നോട്ട് പോകുമ്പോൾ യുക്രൈന്‍റെ സായുധ സേനയോട് നിരാശാജനകമായ അപേക്ഷയാണ് യുക്രൈൻ പ്രസിഡന്‍റ് നടത്തിയത്.