കീവ്: റഷ്യൻ യുദ്ധത്തിൽ തകർന്ന യുക്രൈനിന് സാമ്പത്തിക സഹായം നൽകാൻ ഐക്യരാഷ്‌ട്ര സഭയും യൂറോപ്യൻ യൂണിയനും. യുഎന്നിന്‍റെ ഹുമാനിറ്റേറിയൻ ഫണ്ടിൽ നിന്ന് ഇരുപത് മില്യൺ ഡോളറും യൂറോപ്യൻ യൂണിയന്‍റെ സാമ്പത്തിക സഹായമായി 1.5 ബില്യൺ യൂറോയും(1.68 ബില്യൺ ഡോളർ) യുക്രൈന് നൽകാൻ തീരുമാനമായി.
ജപ്പാൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, തായ്‌വാൻ രാജ്യങ്ങൾ റഷ്യക്കെതിരായ ഉപരോധങ്ങൾ ശക്തമാക്കാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. യുക്രൈനെതിരായ ആക്രമണ അപലപിച്ച് ലോക നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. അധിനിവേശത്തിന്‍റെ ആദ്യദിനം റഷ്യൻ ആക്രമണത്തിൽ സൈനികരും പൊതുജനങ്ങളുമുൾപ്പടെ 137 പേരാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്.
വ്ളാഡ്മിര്‍ പുടിനെതിരായ പ്രതികരണമെന്ന നിലയിൽ റഷ്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനും ഉപരോധമേർപ്പെടുത്തതിനുമുള്ള ശ്രമത്തിലാണ് ലോക നേതാക്കൾ. റഷ്യക്കെതിരെ സൈനിക നടപടിക്ക് സാധ്യതയില്ലെങ്കിലും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുകയാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ലക്ഷ്യം.
റഷ്യൻ വ്യക്തികൾക്ക് ഉപരോധം ഏർപ്പെടുത്തി ഫ്രാൻസ്
ഫ്രാൻസും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയിലെ വ്യക്തികൾക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താനും സാമ്പത്തികം, ഊർജം ഉൾപ്പെടെയുള്ള മേഖലകളിൽ പിഴ ഏർപ്പെടുത്താനും തീരുമാനിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ വെള്ളിയാഴ്‌ച പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നിയമവശങ്ങൾ അന്തിമമാക്കുകയും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ അംഗീകാരത്തിനായി വെള്ളിയാഴ്‌ച കഴിഞ്ഞ് സമർപ്പിക്കുകയും ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് അറിയിച്ചു.
റഷ്യയിലേക്കും റഷ്യയിൽ നിന്നുമുള്ള യുകെ വിമാനങ്ങൾ നിരോധിച്ചുകൊണ്ടാണ് റഷ്യയുടെ എയാറോഫ്ലോട്ട് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബ്രിട്ടീഷ് നടപടിക്ക് റഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി മറുപടി നൽകിയത്.