യുക്രൈനില്‍ വ്യോമാക്രമണത്തോടെ യുദ്ധം ആരംഭിച്ച് റഷ്യ. തങ്ങള്‍ സാമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധമല്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചിട്ടും റഷ്യ ആക്രമണം നടത്തുകയായിരുന്നു.
യുക്രൈനിന്‍റെ വിമത പ്രദേശങ്ങളിലേക്ക് റഷ്യ സൈന്യത്തെ ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ലോക രാജ്യങ്ങള്‍ ഇരു ചേരികളിലുമായി നിലയിറപ്പിച്ചു. യുക്രൈനിലെ വിമത മേഖലയ്ക്ക് പുറമെ റഷ്യയ്ക്ക് പിന്തുണയുമായി ചൈനയും പാകിസ്ഥാനുമാണ് പ്രത്യക്ഷത്തിലുള്ളത്. ലോകത്തിലെ മറ്റു രാജ്യങ്ങളെല്ലാം റഷ്യയുടെ അധിവേശത്തിനെതിരെയോ നിഷ്‌പക്ഷമോ ആയ നിലപാടോ ആണ് സ്വീകരിച്ചിരിക്കുന്നത്.
എന്തുക്കൊണ്ട് യുദ്ധം
ഭൂമിശാസ്ത്രപരമായി നാറ്റോയുടെ കിഴക്കൻ യൂറോപ്പിലൂടെ റഷ്യയിലേക്കുള്ള കടന്നുകയറ്റ പാതയാണ് യുക്രൈൻ. കിഴക്കൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെപ്പോലെ, യുക്രൈൻ നാറ്റോയിൽ ചേരുന്നത്, റഷ്യയുടെ നിലനില്‍പ്പിന്‍റെ പ്രശ്‌നമാണ്. അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ, മിസൈൽ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ യുക്രൈയിനിൽ കേന്ദ്രീകരിക്കുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.
ചരിത്രപരമായും സാംസ്‌കാരികപരമായും യുക്രൈൻ തങ്ങളുടെ ഭാഗമാണെന്നാണ് റഷ്യയുടെ വാദം. സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന സ്വാധീനവും സുരക്ഷയുമാണ് യുക്രൈൻ പടയൊരുക്കത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. യുക്രൈൻ ഒരിക്കലും നാറ്റോയുടെ അംഗമാകരുതെന്നും കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളായ പോളണ്ടിലും റുമേനിയയിലും റഷ്യയെ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്ന മിസൈൽ ഉൾപ്പടെയുള്ള സൈനിക സന്നാഹങ്ങൾ പിൻവലിക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം. പുടിൻ വിഭാവനം ചെയ്യുന്ന റഷ്യൻ സുരക്ഷ, യുക്രൈനെ വരുതിയിലാക്കുന്നതോടോ സാധ്യമാകും.
ഇമ്രാൻ ഖാൻ റഷ്യയില്‍
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ (23.02.2022) റഷ്യയിലെത്തി. പര്യടനത്തിന്‍റെ ഭാഗമായി പുടിനുമായി ഇമ്രാൻ ഖാന്‍ മോസ്കോയിൽ വച്ച് ചർച്ച നടത്തും. 23 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. രണ്ട് ദിവസമാണ് ഇമ്രാൻ ഖാന്‍റെ റഷ്യൻ പര്യടനം.
റഷ്യയോട് സഹായം അഭ്യര്‍ഥിച്ച് വിമതര്‍
ഡൊണെസ്‌കില്‍ യുക്രൈനിൽ നിന്നുള്ള പ്രകോപനം നേരിടാൻ സൈനിക വിന്യാസം കൂട്ടിയതായും ഇതിനായി റഷ്യൻ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വിമത നേതാവ് ഡെന്നിസ് പുഷ്‌ലിൻ പറഞ്ഞു. 93,000 പേർക്ക് റഷ്യ അഭയം നൽകിയിട്ടുണ്ട്.
വിമതരെ സഹായിക്കാനെന്ന പേരില്‍ യുക്രൈനില്‍ റഷ്യ സൈനിക നടപടിയാരംഭിച്ചു. ഇന്ത്യൻ സമയം 8.30 ഓടെയാണ് (24.02.2022) റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലെ ആറിടത്ത് റഷ്യ വ്യോമാക്രമണം തുടങ്ങി.
കൂടിക്കാഴ്‌ച റദ്ദാക്കി വൈറ്റ് ഹൗസ്
ഈ ആഴ്‌ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു. റഷ്യയുടെ നീക്കം യുക്രൈനിന്‍റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും യുക്രൈനിന്‍റെ ഭൂമി ശാസ്ത്രപരമായ അതിരുകൾ മാറില്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
ഉപരോധവുമായി ലോകരാജ്യങ്ങൾ
അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധം കൂടുതൽ രാജ്യങ്ങളിലേക്ക്. യൂറോപ്യൻ യൂണിയൻ, ജര്‍മനി, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യൻ വികസന ബാങ്കായ വെബടക്കമുള്ളവയ്ക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം റദ്ദാക്കുകയാണെന്ന് ബൈഡൻ അറിയിച്ചു.