കേരളം

kerala

ETV Bharat / international

സംഘര്‍ഷം രൂക്ഷതലത്തിലേക്ക്, മിന്‍സ്‌ക് ധാരണ പൊളിച്ച് റഷ്യ ; വിഘടന റിപ്പബ്ലിക്കുകള്‍ക്കുള്ള അംഗീകാരം യുക്രൈന്‍ അധിനിവേശത്തിലെ അടുത്ത പടി

റഷ്യ യുക്രൈന്‍ സംഘര്‍ഷം എത്തിനില്‍ക്കുന്നത് സങ്കീര്‍ണ ഘട്ടത്തില്‍. ഇടിവി ഭാരത് ന്യൂസ് എഡിറ്റര്‍ ബിലാല്‍ ബട്ട് എഴുതുന്നു

By

Published : Feb 23, 2022, 3:38 PM IST

Russia-Ukraine conflict escalates to next level after Putin declares Ukraine's Donetsk  Luhansk as independent nations  റഷ്യ യുക്രൈന്‍ സംഘര്‍ഷം  റഷ്യ യുക്രൈന്‍ സംഘര്‍ഷം അവലോകനം  റഷ്യ പാശ്ചാത്യ സംഘര്‍ഷം
റഷ്യ യുക്രൈന്‍ സംഘര്‍ഷം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഉയര്‍ന്ന തലത്തില്‍

യുക്രൈന്‍ വിഘടന റിപ്പബ്ലിക്കുകളായ ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ റഷ്യ അംഗീകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസാധ്യത വര്‍ധിച്ചിരിക്കുകയാണ്. റഷ്യ ഈ റിപ്പബ്ലിക്കുകളെ അംഗീകരിച്ചതിലൂടെ മിന്‍സ്ക് ധാരണയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് യുക്രൈനും പശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു.

കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് പ്രദേശത്തെ റഷ്യന്‍ അനുകൂല വിഘടന വാദികളും യുക്രൈന്‍ സൈന്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് മിന്‍സ്ക് കരാര്‍. ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് റിപ്പബ്ലിക്കുകള്‍ അടങ്ങുന്നതാണ് ഡോണ്‍ബാസ് മേഖല.

എന്നാല്‍ ഡോണ്‍ബാസില്‍ അക്രമം അഴിച്ചുവിട്ട് യുക്രൈന്‍ സര്‍ക്കാരാണ് മിന്‍സ്ക് കരാര്‍ ലംഘിച്ചതെന്നാണ് റഷ്യ വാദിക്കുന്നത്. ഈ വിഘടന റിപ്പബ്ലിക്കുകളെ അംഗീകരിച്ച് അവിടങ്ങളില്‍ സൈന്യത്തെ അയക്കുന്നത് കൂടുതല്‍ ശക്തമായ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ ആദ്യ ഘട്ടമാണെന്നാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികള്‍ കരുതുന്നത്.

റഷ്യ യുക്രൈന്‍ യുദ്ധം മുന്നില്‍ കണ്ട് പാശ്ചാത്യ ശക്തികള്‍

റഷ്യ യുക്രൈന്‍ യുദ്ധം മുന്നില്‍ കാണുകയാണ് പശ്ചാത്യ ശക്തികള്‍. ഇതര രാജ്യങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഡോണ്‍ബാസ് മേഖലയില്‍ 10 വര്‍ഷത്തോളമായി വിഘടിച്ചുനില്‍ക്കുന്ന റിപ്പബ്ലിക്കുകളെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചത്.

മിന്‍സ്ക് കരാറില്‍ യുക്രൈനിന്‍റെ ഭാഗമായി വിലയിരുത്തുന്ന ഡൊനെറ്റ്സ്‌കിനേയും, ലുഹാന്‍സ്‌കിനേയും സ്വതന്ത്ര്യ രാജ്യങ്ങളായാണ് റഷ്യയിപ്പോള്‍ അംഗീകരിച്ചത്. ഇത് യുക്രൈനിന്‍റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറിയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിച്ചു.

മിന്‍സ്ക് II കരാറിന്‍റെ (Minsk II agreement)നഗ്നമായ ലംഘനമാണ് റഷ്യ നടത്തിയതെന്നാണ് പ്രതികരണം. 2014 സംപ്റ്റംബര്‍ 5ന് ഒപ്പിട്ട മിന്‍സ്ക് I കരാറിന്‍റെ ലംഘനമുണ്ടായപ്പോഴാണ് മിന്‍സ്ക് II കരാര്‍ ഉണ്ടാകുന്നത്. 2015 ഫെബ്രുവരി 12 നാണ് മിന്‍സ്‌ക് II കരാറില്‍ ഒപ്പുവയ്ക്കുന്നത്.

ഡൊണ്‍ബാസിലെ സംഘര്‍ഷം ഒഴിവാക്കുന്നതിന് ഫ്രാന്‍സും ജര്‍മനിയും, റഷ്യയുമായും യുക്രൈനുമായും നടത്തിയ മധ്യസ്ഥ ചര്‍ച്ചയുടെ ഫലമായാണ് മിന്‍സ്‌ക് കരാര്‍ ഉണ്ടാകുന്നത്. റഷ്യ, യുക്രൈന്‍, ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് റിപ്പബ്ലിക്കുകളുടെ നേതാക്കള്‍, പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ഒഎസ്‌സിഇ(Organization for Security and Co-operation in Europe)എന്നിവരാണ് മിന്‍സ്‌ക് കരാറില്‍ ഒപ്പിടുന്നത്. ബെലാറസിന്‍റെ തലസ്ഥാനമായ മിന്‍സ്‌കില്‍ വച്ചാണ് ഈ കരാര്‍ ഒപ്പുവയ്ക്കുന്നത്.

മിന്‍സ്‌ക് കരാറില്‍ പാലിക്കേണ്ട 13 കാര്യങ്ങള്‍ :

1: എല്ലാ വിഭാഗങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക

2: മാരകായുധങ്ങള്‍ പിന്‍വലിക്കുക

3: യുദ്ധ തടവുകാരെ മോചിപ്പിക്കുക

4: ഡോണ്‍ബാസ് മേഖലയില്‍ സന്നദ്ധ സംഘടനകളുടെ ദുരിതാശ്വാസം അനുവദിക്കുക

5: ഡോണ്‍ബാസും യുക്രൈനിലെ മറ്റ് മേഖലകള്‍ തമ്മിലുമുള്ള സാമ്പത്തിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക

6: യുക്രൈന്‍ അതിര്‍ത്തികളുടെ പൂര്‍ണ നിയന്ത്രണം യുക്രൈന്‍ സൈന്യത്തിന് (ഇതിനെ വിഘടനവാദികള്‍ എതിര്‍ക്കാന്‍ പാടില്ല)

7: ഡോണ്‍ബാസില്‍ നിന്ന് വിദേശ സേനകള്‍ അവരുടെ വിന്യാസവും ആയുധസജ്ജീകരണങ്ങളും പൂര്‍ണമായി പിന്‍വലിക്കുക ( ഡോണ്‍ബാസിലെ വിഘടന വാദികളെ സഹായിക്കാന്‍ റഷ്യയില്‍ നിന്ന് പൗര സേന എത്തിയിരുന്നു)

8: ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയുടെ രാഷ്ട്രീയ സാഹചര്യം പ്രത്യേകമായി പരിഗണിച്ചുകൊണ്ട് കൂടുതല്‍ വികേന്ദ്രീകരണം ഉള്‍പ്പടെയുള്ള പരിഷ്കരണങ്ങള്‍ യുക്രൈന്‍ ഭരണഘടനയില്‍ വരുത്തുക

9: ഡൊനെറ്റ്സ്‌കിലേയും ലുഹാന്‍സ്‌കിലേയും നേതാക്കളുടെ അംഗീകാരത്തോടെ അവിടെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക

10: കരാര്‍ തയ്യാറാക്കിയ റഷ്യ, യുക്രൈന്‍ ഒഎസ്‌സിഇ സംഘം സമാധാനം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക

11: കരാര്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതിന് ഒഎസ്‌സിഇയുടെ നിരീക്ഷണം

12: ഡൊനെറ്റ്സ്‌കിലേയും ലുഹാന്‍സ്‌കിലേയും പ്രത്യേക സാഹചര്യം അംഗീകരിച്ചുകൊണ്ട് ഇവിടങ്ങളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് യുക്രൈന്‍ പാര്‍ലമെന്‍റ് പ്രമേയം പാസാക്കുക

13: യുക്രൈന്‍ സര്‍ക്കാറിനെതിരെ ചെറുത്തുനിന്നവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുക

പരാജയപ്പെട്ട മിന്‍സ്ക് കരാര്‍

ഈ കരാര്‍ നിലവില്‍ വന്നിട്ടും ഡോണ്‍ബാസില്‍ റഷ്യന്‍ പിന്തുണയുള്ള വിഘടന വാദികളും യുക്രൈന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു. റഷ്യയുടെ വലിയ പിന്തുണയുള്ളതുകൊണ്ട് തന്നെ വിഘടനവാദികള്‍ യുക്രൈന്‍ സൈന്യവുമായി പോരാടുന്നതിന് പൂര്‍ണ സജ്ജമാണെന്ന് അമേരിക്ക പറയുന്നു. അതേസമയം നിലവിലെ യുക്രൈന്‍ സര്‍ക്കാര്‍ പശ്ചാത്യ ശക്തികളുമായി അത്രമാത്രം അടുത്തെന്നും അത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പുടിന്‍ കരുതുന്നു. ആ ഒരു സാഹചര്യത്തിലാണ് ഡോണ്‍ബാസിലെ റിപ്പബ്ലിക്കുകളെ അംഗീകരിച്ചുള്ള പുടിന്‍റെ നടപടി. പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായ 15 റിപ്പബ്ലിക്കുകളില്‍ ഒന്നാണ് യുക്രൈന്‍.

പഴയ സോവിയറ്റ് പ്രതാപം തിരിച്ച് പിടിക്കാനുള്ള റഷ്യന്‍ ശ്രമം

സോവിയറ്റ് യൂണിയനില്‍ നിന്നും വിട്ടുപിരിഞ്ഞ രാജ്യങ്ങളെ റഷ്യയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ബോറിസ് യെല്‍സിന്‍ പ്രസിഡന്‍റായിരുന്ന കാലത്ത് തന്നെ ആരംഭിച്ചിരുന്നു. ആ നയം പുടിന്‍ കൂടുതല്‍ ശക്തമായി പിന്തുടരുകയാണെന്ന് പാശ്ചാത്യ ശക്തികള്‍ വിലയിരുത്തുന്നു. 1999 ല്‍ പുടിനെ പ്രധാനമന്ത്രി പദത്തിലേക്ക് കൊണ്ടുവന്ന് പുടിനെ റഷ്യന്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് ബോറിസ് യെല്‍സിനാണ്. റഷ്യന്‍ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകാനുള്ള പുടിന്‍റെ കഴിവാണ് ബോറിസ് യെല്‍സിനെ ആകര്‍ഷിച്ചത്.

ഡൊനെറ്റ്സ്‌കിലേക്കും ലുഹാന്‍സ്‌കിലേക്കും റഷ്യ 'സമാധാന' സേനയെ അയക്കും എന്നാണ് പുടിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സേനയെ വിന്യസിക്കുന്നത് സമാധാനത്തിനാണ് എന്ന പുടിന്‍റെ വിശദീകരണത്തെ പാശ്ചാത്യ ശക്തികള്‍ പുച്ഛിച്ച് തള്ളുന്നു.

നടക്കുന്നത് വിവര സംക്രമണത്തിലെ യുദ്ധം കൂടി

സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ റഷ്യയും പശ്ചാത്യ ശക്തികളും തമ്മില്‍ 'വിവരസംക്രമണത്തിലെ യുദ്ധം'( information war) ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ റഷ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത് വിമത മേഖലകളിലെ യുക്രൈന്‍ സൈന്യത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങളും, യുക്രൈന്‍ സൈന്യം റഷ്യയുടെ അതിര്‍ത്തി ലംഘിച്ചതുമൊക്കെയാണ് .എന്നാല്‍ പശ്ചാത്യ മാധ്യമങ്ങള്‍ ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്.

യുക്രൈന്‍ റഷ്യ സംഘര്‍ഷം ഒഴിവാക്കുന്നതിനായി യുഎന്‍ രക്ഷാസമിതി ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. ഇതില്‍ ഭൂരിപക്ഷ അംഗങ്ങളും വിമത മേഖലകളെ സ്വതന്ത്രമായി പ്രഖ്യാപിച്ച റഷ്യയുടെ നടപടിയെ വിമര്‍ശിച്ചു. അന്താരാഷ്ട്ര സമ്മര്‍ദത്തിന് എത്രമാത്രം റഷ്യ വഴങ്ങുമെന്നാണ് ഇനി അറിയേണ്ടത്.

ALSO READ:EXPLAINER | യുദ്ധമുനമ്പില്‍ നിര്‍ണായകമാകുന്ന 'നോര്‍ഡ് സ്ട്രീം 2' ; പദ്ധതി തുലാസില്‍, പിന്‍തിരിയുമോ റഷ്യ ?

ABOUT THE AUTHOR

...view details