ജനീവ : യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ ദേശീയ ടീമിനേയും ആ രാജ്യത്തിന്‍റെ ക്ലബ്ബുകളെയും അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിലക്കി ഫിഫയും യുവേഫയും. 2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നുൾപ്പടെ റഷ്യയെ പുറത്താക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ മത്സരങ്ങളിൽ നിന്നും റഷ്യൻ ടീമുകളെ സസ്‌പെൻഡ് ചെയ്യുകയാണെന്നും ഫിഫയും, യുവേഫയും സംയുക്‌ത പ്രസ്‌താവനയില്‍ അറിയിച്ചു.
യുക്രൈനിലെ ദുരിത ബാധിതരായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും ഫുട്ബോൾ എന്നും ഏകീകൃതമായി നിലകൊള്ളുമെന്നും പ്രസ്‌താവനയിൽ പറയുന്നു. ഇതോടെ മാർച്ചിൽ നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങളിൽ റഷ്യൻ ടീമിന് പങ്കെടുക്കാനാകില്ല. ഖത്തർ ലോകകപ്പിൽ നിന്നും റഷ്യക്ക് പിൻമാറേണ്ടി വരും.
കായിക മേഖലയില്‍ അന്താരാഷ്ട്ര തലത്തിൽ ഇത്തരത്തിലുള്ള ഉപരോധം പതിറ്റാണ്ടുകളായി സംഭവിച്ചിട്ടില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റികളും (ഐഒസി) റഷ്യന്‍ കായിക താരങ്ങളേയും ഉദ്യോഗസ്ഥരേയും ഒഴിവാക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. ആഗോള കായിക മത്സരങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനും പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ഇത് ആവശ്യമാണെന്നായിരുന്നു ഐഒസിയുടെ വിശദീകരണം.