ബെർലിൻ: യുറോപ്പിലെ വിവിധ രാജ്യങ്ങളിലുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും 60 മരണം. നിരവധി പേരെ കാണാതായി. 1,300ലധികം പേരെ നിലവിൽ കാണാതായിട്ടുണ്ടെന്ന് ജർമൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നദികൾ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ജർമനിയിൽ 58 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയെ തുടർന്ന് ആശയവിനിമയത്തിനുള്ള മാർഗങ്ങളെല്ലാം തടസപ്പെട്ടു. പലയിടത്തും മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നു.
യുറോപ്പിൽ കനത്ത നാശനഷ്‌ടങ്ങൾ
അണക്കെട്ടുകൾ നിറഞ്ഞ് തുറന്നുവിടേണ്ടി വന്നു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കാറുകൾ ഒഴുകിപ്പോയി. വ്യാപകമായ മണ്ണിടിച്ചിലുമുണ്ട്. റോഡ്, റെയിൽ ഗതാഗതം തകരാറിലായി. പലയിടത്തും ഫോൺ, ഇന്‍റർനെറ്റ് ബന്ധം നിലച്ചു. ബെൽജിയത്തിൽ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ശക്തമായ കാറ്റിലും മഴയിലും സ്വിറ്റ്‌സർലൻഡ്, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. മ്യൂസ് നദി കരകവിഞ്ഞ് ഒഴുകുന്നതിനെ തുടർന്ന് നദിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിച്ചു. അസാധാരണമായ കനത്ത മഴ ഫ്രാൻസിന്‍റെ വടക്കുകിഴക്കൻ മേഖലയിലും ജനജീവിതം തകരാറിലാക്കി. രണ്ട് മാസം കൊണ്ട് പെയ്യുന്ന മഴ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പെയ്തതായി ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
READ MORE:പശ്ചിമ ജര്‍മനിയില്‍ പ്രളയം; 30 പേരെ കാണാതായി