സ്റ്റോക്ക്ഹോം: ഭൗതിക ശാസ്‌ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ജപ്പാന്‍, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്‌ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും സങ്കീര്‍ണമായ ഭൗതിക സംവിധാനങ്ങളെ കുറിച്ചും നിര്‍ണായക പഠനങ്ങള്‍ നടത്തിയ സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് ജേതാക്കള്‍.
റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സിന്‍റെ സെക്രട്ടറി ജനറല്‍ ഗോറന്‍ ഹാന്‍സനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണോറുമാണ് (8.52 കോടി രൂപ) വിജയികള്‍ക്ക് ലഭിക്കുക.സമ്മാനത്തുകയുടെ പകുതി മനാബയും ഹാസില്‍മാനും പങ്കിടും. മറ്റേ പകുതി പരീസിയ്ക്കും ലഭിക്കും.
അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ സീനിയര്‍ മെട്രോളിജിസ്റ്റായ സുക്കൂറോ മനാബ അന്തരീഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്‍റെ അളവ് ഉയരുന്നത് ഭൂമിയുടെ താപനില ഉയരുന്നതിന് കാരണമാകുമെന്ന് തെളിയിച്ചു. 1960കളിലെ മനാബയുടെ ഭൗതിക മാതൃകകളാണ് നിലവിലെ കാലാവസ്ഥ പഠന മാതൃകകള്‍ക്ക് അടിസ്ഥാനം.