മാഡ്രിഡ്: ബ്രിട്ടീഷ്-അമേരിക്കൻ ആന്‍റിവൈറസ് സോഫ്‌റ്റ്‌വെയർ വ്യവസായിയും മക്‌ഫി അസോസിയേറ്റിന്‍റെ സ്ഥാപകനുമായ ജോൺ മക്‌ഫിയെ(75) സ്‌പെയിനിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിയോടെയാണ് വാഴ്‌സലോണയ്‌ക്കടത്തുള്ള ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആത്‌മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
അനധികൃതമായി പണം സമ്പാദനം
നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2020 ഒക്‌ടോബറിലാണ് ജോൺ മക്‌ഫി അറസ്‌റ്റിലായത്. പിന്നീട് അമേരിക്കയ്‌ക്ക് കൈമാറാൻ സ്‌പെയിനിലെ കോടതി വിധിച്ചിരുന്നു. കൺസൾട്ടിങ്, തന്‍റെ ജീവിതകഥ ഡോക്യുമെന്‍ററി ആക്കുന്നതിനുള്ള അവകാശം ഒരു കമ്പനിക്ക് നൽകുക എന്നിവയിലൂടെ ധാരാളം പണമാണ് 2014 നും 2018 നും ഇടയിൽ അദ്ദേഹം സമ്പാദിച്ചത്. എന്നാൽ നികുതി അടക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. കൂടാതെ മക്‌ഫി മറ്റൊപു ബിസിനസ് പങ്കാളിയുമായി ചേർന്ന് ക്രിപ്‌റ്റോകറൻസിയുടെ പേരിൽ നിക്ഷേപകരെ കബളിപ്പിച്ച് 13 ദശലക്ഷം യുഎസ് ഡോളർ സമ്പാദിച്ചു എന്ന കുറ്റവും അദ്ദേഹത്തിന് നേരെ ഉയർന്നിരുന്നു.