ഇറ്റലിയിൽ 202.6 ദശലക്ഷം കൊവിഡ് വാക്സിൻ വിതരണം ചെയ്യും
ആദ്യത്തെ വാക്സിനുകൾ ജനുവരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറ്റലി ആരോഗ്യ മന്ത്രി റോബർട്ട് സ്‌പെറാൻസ
റോം: ഇറ്റലിയിൽ 2021 ൽ 202.6 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ഇറ്റലി ആരോഗ്യ മന്ത്രി റോബർട്ട് സ്‌പെറാൻസ. പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധിതമാകില്ലെന്നും എന്നാൽ കരാർ പ്രകാരം യൂറോപ്യൻ യൂണിയനിൽ നിന്നും ലഭിക്കുന്ന ഡോസുകൾ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ പര്യാപ്തമാണെന്നും റോബർട്ട് സ്‌പെറാൻസ പറഞ്ഞു. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയിൽ നിന്ന് വാക്സിനുകൾക്ക് അനുമതി ലഭിക്കുന്ന പ്രകാരമായിരിക്കും വാക്സിൻ വിതരണമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യത്തെ വാക്സിനുകൾ ജനുവരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 29 ന് ഫൈസറിനും ജനുവരി 12ന് മോഡേണയ്ക്കും അനുമതി ലഭിക്കും.
ആരോഗ്യ പ്രവർത്തകർ, നേഴ്സിങ് ഹോം അന്തേവാസികൾ, 80 വയസിനു മുകളിൽ പ്രായമായവർ എന്നിവർക്കായിരിക്കും മുൻഗണന. രാജ്യത്ത് 55,000-ത്തിലധികം ആളുകളുടെ ജീവൻ കവർന്ന പകർച്ചവ്യാധിക്ക് വാക്‌സിനുകൾ പ്രതീക്ഷയുടെ സന്ദേശമാണ് നൽകുന്നത്. എന്നാൽ വിവേകവും ജാഗ്രതയും ഇനിയും ആവശ്യമാണെന്നും സ്‌പെറാൻസ പറഞ്ഞു.