ബ്രസൽസ്:റഷ്യയുടെ യുക്രൈൻ അധിനിവേശം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനെതിരെ കടുത്ത നീക്കവുമായി യൂറോപ്യൻ യൂണിയൻ. റഷ്യയുടെ പുറത്തുള്ള പുടിന്‍റെ ആസ്‌തികൾ മരവിപ്പിക്കാനുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ യൂറോപ്യൻ യൂണിയൻ ധാരണയിലെത്തി. കൂടാതെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവിന്‍റെ ആസ്ഥികൾ മരവിപ്പിക്കാനും യുറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.
പുടിന്‍റെ ആസ്ഥികൾ മരവിപ്പക്കുന്നത് കൂടാതെ റഷ്യൻ ബാങ്കുകൾക്കും വ്യക്‌തികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉപരോധം ഏർപ്പെടുത്താനും റഷ്യയെ ഒറ്റപ്പെടുത്താനും യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് കടുത്ത ഉപരോധം നേരിടുന്ന പുടിന് ഈ നീക്കം കനത്ത ആഘാതമാകും നൽകുക.
സാമ്പത്തിക മേഖല, ഊർജ, ഗതാഗത മേഖലകൾ, ഇരട്ട ഉപയോഗ സാധനങ്ങൾ, കയറ്റുമതി നിയന്ത്രണം, കയറ്റുമതി ധനസഹായം, വിസ നയം, റഷ്യൻ വ്യക്തികളുടെ അധിക ലിസ്റ്റിങുകൾ, പുതിയ ലിസ്റ്റിങ് മാനദണ്ഡങ്ങൾ എന്നിവയും യുറോപ്യൻ യൂണിയന്‍റെ ഉപരോധത്തിൽ ഉൾപ്പെടുന്നു.