റഷ്യ - യുക്രൈന്‍ യുദ്ധത്തിന്‍റെ അനന്തര ഫലങ്ങള്‍ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയിലും കനത്ത ഭീതിയാണ് പടര്‍ത്തുന്നത്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളും സ്ഥിര താമസക്കാരുമായ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നതാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. യുദ്ധക്കെടുതി രൂക്ഷമാകുന്നതിന് മുമ്പ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
കീവില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗവും ഉപയോഗിച്ച് നഗരം വിട്ടു പോകണമെന്ന ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കീവില്‍ റഷ്യ കൂടുതല്‍ പ്രതിരോധം ഏര്‍പ്പെടുത്തുമെന്നും അതിന് മുമ്പ് സുരക്ഷിതരാകണമെന്നുമാണ് സര്‍ക്കാര്‍ പൗരന്മാരോട് ആവശ്യപ്പെടുന്നത്.
റഷ്യ കീവില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് ലോക യുദ്ധ ചരിത്രത്തില്‍ തന്നെ മറ്റൊരു വലിയ സൈനിക മുന്നേറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടാം ലോക മഹായുദ്ധ സമയത്ത് റഷ്യക്കെതിരെ നടന്ന ഓപ്പറേഷൻ ബാർബറോസ എന്ന് പേരിട്ട ജര്‍മന്‍ ആക്രമണത്തില്‍ 700,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
Also Read: LIVE Updates | ഖാർകീവിൽ വ്യോമാക്രമണം രൂക്ഷം; 40 ലക്ഷം പേർ അഭയാർഥികളാകുമെന്ന് യു.എൻ
ഇതിന് സമാനമായി യുക്രൈനില്‍ സംഭവിക്കാമെന്ന ഭീതിയാണ് പരക്കുന്നത്. റഷ്യൻ സൈനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.
ഇതിന് സമാനമായ സംഭവങ്ങളാണ് നിലവില്‍ യുക്രൈനിലും സംഭവിക്കുന്നത്. ചൊവ്വാഴ്ച ഒഖ്തിർക്ക നഗരത്തിൽ റഷ്യൻ ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 70 യുക്രൈന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ സർക്കാർ ആസ്ഥാനത്തിന് നേരെ നടന്ന മറ്റൊരു മിസൈൽ ആക്രമണത്തിൽ 11 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയാണെന്നതും രാജ്യത്തിന് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
യുദ്ധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ സൈനിക കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യം വച്ചത്. അതിനാല്‍ തന്നെ സൈന്യത്തിന്‍റെ വിന്യാസം അടക്കം യുക്രൈന് വലിയ പ്രതിസന്ധിയുണ്ടായി. ഇതോടെ കിഴക്ക്, തെക്ക്, വടക്കൻ അതിർത്തികളിൽ നിന്നുള്ള റഷ്യന്‍ സൈനിക മുന്നേറ്റത്തിന്‍റെ വേഗം കൂടി. എന്നാല്‍ അടുത്ത ഘട്ടത്തില്‍ സൈനിക നീക്കം നഗരങ്ങളിലേക്ക് ആയതോടെ നീക്കങ്ങളുടെ വേഗം കുറഞ്ഞിട്ടുണ്ട്.
Also Read: യുക്രൈനിലെ ഇന്ത്യൻ എംബസി നിഷ്ക്രിയമെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ അച്ഛൻ
കഴിഞ്ഞ വ്യാഴാഴ്ച (24.02.2022) ആരംഭിച്ച സൈനിക നടപടിയില്‍ റഷ്യ കാര്യമായ മാറ്റങ്ങള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും കാര്യമായ ആക്രമണം നടത്താതെയാണ് നിലവില്‍ റഷ്യന്‍ സൈന്യം നീങ്ങുന്നത്. എന്നാല്‍ കര വ്യോമ സേനയെ ഉപയോഗിച്ചും കൂടുതല്‍ യുദ്ധ വാഹനങ്ങള്‍ ഉപയോഗിച്ചും ബ്ലിറ്റ്സ്ക്രീഗ് യുദ്ധ രീതിയില്‍ റഷ്യന്‍ സൈന്യം യുക്രൈന്‍റെ എല്ലാ പ്രതിരോധങ്ങളും തകര്‍ക്കുകയാണ്.
റഷ്യൻ പീരങ്കികൾ ഉപയോഗിച്ച് നഗരങ്ങളിലും നഗര കേന്ദ്രങ്ങളിലും വൻതോതിലുള്ള ബോംബാക്രമണവും വ്യോമാക്രമണവും ഈ ഘട്ടത്തില്‍ റഷ്യന്‍ സൈന്യം ശക്തമാക്കി. ഖാർകീവ്, ഒഖ്തിർക എന്നിവിടങ്ങളില്‍ ഇതിന്‍റെ ഉദാഹരണമാണ് കണ്ടത്.