സ്വയം ആക്ഷേപിച്ചുകൊണ്ടുള്ള തമാശകൾക്ക് പഞ്ഞമില്ലാത്ത നാടാണ് ബ്രിട്ടണ്‍. ഇത്തരം തമാശകളെ ബ്രിട്ടീഷുകാര്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നു. ബ്രിട്ടീഷുകാരുടെ ഇഷ്‌ടവിഭവങ്ങളിലൊന്നായ ആട്ടിറച്ചിയും പുതിനയില സോസും പോലെയാണ് രാഷ്‌ട്രീയക്കാരും ജനങ്ങളുടെ വെറുപ്പുമെന്നാണ് പ്രശസ്‌ത ബ്രിട്ടീഷ് എഴുത്തുകാരനും നിരൂപകനുമായ ആഡ്രിയാന്‍ ഗില്ലിന്‍റെ സരസമായ കണ്ടെത്തല്‍. ഗില്ലിന്‍റെ വാക്കുകൾ കടമെടുത്താല്‍ 'ബ്രിട്ടീഷുകാര്‍ രാഷ്‌ട്രീയക്കാരെ വെറുക്കുന്നു. എല്ലാ രാഷ്‌ട്രീയക്കാരെയും വെറുക്കുന്നു'. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാലാമത്തെ പൊതുതെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യത്തില്‍ എന്തായാലും രാഷ്‌ട്രീയക്കാരുടെ പ്രതിച്ഛായ കുറഞ്ഞതല്ലാതെ കൂടാന്‍ സാധ്യതയില്ല.
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രാജിവെച്ച ഡേവിഡ് കാമറൂണിന് ശേഷം നേരിയ ഭൂരിപക്ഷത്തിലായിരുന്നു തെരേസ മേ പ്രധാനമന്ത്രി പദത്തിലെത്തിയത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വേണ്ടി വാദിച്ചവര്‍ക്ക് വോട്ട് നഷ്‌ടമായതിനെ കുറിച്ച് തന്‍റെ 'ഏറ്റവും വലിയ ദുഃഖ'മെന്നാണ് പുതിയ പുസ്‌തകമായ 'ഫോര്‍ ദി റെക്കോഡി'ല്‍ കാമറൂണ്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ ഭിന്നിപ്പിച്ചു, സര്‍ക്കാരിനെ തളര്‍ത്തി, ഒപ്പം കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിലേക്ക് നയിക്കുകയും ചെയ്‌തു. ബ്രെക്‌സിറ്റ് കൂടിയാലോചനകൾ ഭരണത്തില്‍ ശക്തയാകാന്‍ തന്നെ സഹായിക്കുമെന്ന് കരുതിയാണ്, തീരുമാനിച്ച സമയക്രമത്തിനും മൂന്ന് കൊല്ലം മുമ്പേ 2017 ജൂണില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ തെരേസ മേ തീരുമാനിച്ചത്. എന്നാല്‍ 13 സീറ്റുകളുടെ നഷ്‌ടത്തില്‍ അസ്ഥിരമായ സര്‍ക്കാരായി തെരേസ മേയുടെ സര്‍ക്കാര്‍ മാറി.
ബ്രെക്‌സിറ്റ് പ്രശ്‌നം രാജ്യത്തുടനീളം ആഴത്തിലുള്ള രാഷ്ട്രീയ വിള്ളലുകൾക്ക് കാരണമായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങണമെന്ന ആവശ്യമായിരുന്നു ബ്രിട്ടണില്‍ കൂടുതല്‍ മേല്‍ക്കൈ നേടിയത്. ബ്രിട്ടീഷ് പരമാധികാരത്തെ യൂറോപ്യൻ യൂണിയൻ കൈയേറ്റം ചെയ്‌തുവെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാരും വിശ്വസിച്ചു. പക്ഷേ സ്കോട്ട്‌ലൻഡും വടക്കൻ അയർലൻഡും ബ്രെക്‌സിറ്റിനെ ശക്തമായി എതിര്‍ത്തു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള പ്രധാനമന്ത്രി മേയുടെ നിർദേശം പാർലമെന്‍റ് മൂന്ന് തവണ നിരസിച്ചതിനാല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇത് ബോറിസ് ജോണ്‍സന്‍റെ ഉദയത്തിന് കാരണമായി മാറി. തന്‍റെ ഏറെക്കാലത്തെ അഭിലാഷമായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി പദം 2019 ജൂലൈ 24 ന് അദ്ദേഹം സ്വന്തമാക്കുകയും ചെയ്‌തു. ബ്രസല്‍സിലെ പത്രപ്രവര്‍ത്തക കുപ്പായം അണിഞ്ഞിരുന്ന നാളുകളില്‍ തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടനെ പിന്തിരിപ്പിക്കാനായി നിലകൊണ്ട വ്യക്തിയായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രക്സിറ്റ് കരാറില്‍ ഉറച്ചുനിന്നതോടെ സാധാരണ രീതിയില്‍ വേനല്‍ക്കാലത്ത് നടക്കേണ്ടിയിരുന്ന പൊതുതെരഞ്ഞെടുപ്പിനെ ഇത് ബാധിച്ചു. തെരഞ്ഞെടുപ്പ് 2019 ഡിസംബര്‍ 12 ലേക്ക് മാറ്റി. 1923 ലായിരുന്നു ഇതിന് മുമ്പ് ബ്രിട്ടണില്‍ ശൈത്യകാലത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യ ബ്രെക്‌സിറ്റിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? ബ്രിട്ടീഷ് നയങ്ങളെ ഇന്ത്യയുടെ കാഴ്‌ചപ്പാട് ഏതുവിധത്തില്‍ ബാധിക്കും? 2018 ജൂലൈയിലെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന തെരേസ മേ ഇതിനെ കുറിച്ച് നല്‍കിയ സൂചന ഇങ്ങനെയായിരുന്നു- ''യു.കെ. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടുതല്‍ നേടുകയും ഇന്ത്യ മുന്നോട്ട് കുതിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസരങ്ങളെ നാം ഉപയോഗപ്പെടുത്തണം''. ബ്രെക്‌സിറ്റിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന നേട്ടങ്ങളിലൊന്ന് ഇന്ത്യന്‍ വിദ്യര്‍ഥികളുടെയും മറ്റും വിസാ ചട്ടങ്ങൾ ലഘൂകരിക്കുമെന്നതാണ്.