പാരീസ്: 850വർഷം പഴക്കമുള്ള നൊട്രേ ഡാം കത്തീഡ്രൽ തീപിടിത്തത്തിന് ഇന്ന് ഒരു വർഷം. പള്ളിയെ പൂർവസ്ഥിതിയിലാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. എന്നാൽ, കഴിഞ്ഞ മാസം 16 മുതൽ ലോക്ക് ഡൗണിലൂടെ പാരീസ് നഗരം നിശ്ചലമായപ്പോൾ കെട്ടിടത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മുടങ്ങിയിട്ടുണ്ട്. പള്ളിയുടെ പുനർനിർമാണം പാതി വഴിയിലായെന്ന് മാത്രമല്ല, രാജ്യം കൊവിഡിനെതിരെ അതീവ ജാഗ്രതയിൽ ആയതിനാൽ തന്നെ പണി എപ്പോൾ പൂർത്തിയാക്കുമെന്നതും സംശയമാണ്. തീപിടിത്തത്തിന് മുമ്പ് ദ്രവിച്ച് തുടങ്ങിയിരുന്ന കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും ഉൾപ്പടെ പള്ളിയുടെ പണി പൂർത്തിയാക്കുകയെന്നത് അൽപം പ്രയാസകരമായ ജോലിയാണെന്ന് പുനർനിർമാണ പ്രവർത്തനങ്ങളുടെ സമിതിയിലുള്ള പ്രസിഡന്‍റും ആർമി ജനറലുമായ ജീൻ ലൂയിസ് ജോർജെലിൻ പറയുന്നു.
ലോക്ക് ഡൗണിൽ പണി പൂർത്തിയാകാതെ നൊട്രേ ഡാം കത്തീഡ്രൽ
കഴിഞ്ഞ മാസം 16 മുതൽ ലോക്ക് ഡൗണിലൂടെ പാരീസ് നഗരം നിശ്ചലമായപ്പോൾ കെട്ടിടത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മുടങ്ങിയിരിക്കുകയാണ്.
സിഗരറ്റിൽ നിന്നോ വൈദ്യുത തകരാറുമൂലമുണ്ടായ തീയിൽ നിന്നോ ആയിരിക്കാം നൊട്രേ ഡാം കത്തീഡ്രലിൽ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇതുവരെ ശേഖരിച്ചത് 55.8 മില്യൺ യൂറോ (60.9 മില്ല്യൺ ഡോളർ) ആണ്. ഈ വർഷത്തെ ദുഃഖവെള്ളി ദിനത്തിൽ ആളുകളെ പരിമിതിപെടുത്തി ആവശ്യമായ പ്രതിരോധ നടപടികളോടെ പള്ളിയുടെ ഒരു ഭാഗത്ത് വച്ച് പൂജാ കർമങ്ങളും നടത്തിയിരുന്നു. രാജ്യം ഇന്നൊരു മഹാമാരിയുടെ ഭീതിയിലാണ്. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കുമെന്നുള്ള പ്രതീക്ഷയുടെ സന്ദേശമാണ് നൊട്രേ ഡാം കത്തീഡ്രലിൽ നടന്ന ചെറിയ ആഘോഷമെന്ന് പാരീസ് ആർച്ച് ബിഷപ്പ് മൈക്കൽ ആപെറ്റിറ്റ് പറഞ്ഞു. കൊവിഡ് 19 ബാധിച്ച് ഫ്രാൻസിൽ ഇതുവരെ മരിച്ചത് 17,000 പേരാണ്. ഒരു ലക്ഷത്തോളം ആളുകൾ രാജ്യത്ത് വൈറസ് ബാധിതരായുമുണ്ട്.