ന്യൂഡൽഹി: ഫോണ്‍ ചോർത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി വിവാദ ആപ്പായ പെഗാസസിന്‍റെ നിർമാതാക്കളായ എൻഎസ്‌ഒ. വിഷയത്തില്‍ ഇനി ഒരു മാധ്യമങ്ങളോടു കമ്പനി പ്രതികരിക്കില്ലെന്നും കമ്പനിക്കെതിരെ പ്രചരിക്കുന്ന നികൃഷ്ടവും അപവാദപരവുമായ റിപ്പോർട്ടുകള്‍ക്കൊപ്പം താളം തുള്ളാൻ തങ്ങളില്ലെന്നും എൻഎസ്‌ഒ വക്തമാവ് വ്യക്തമാക്കി.
രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ, ജുഡീഷ്യല്‍ ഉദ്യോഗസ്ഥർ എന്നിവരുടെ ഫോണ്‍ വിവരണങ്ങള്‍ ചോർത്താൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പെഗാസസ് ഉപയോഗിച്ചെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോർട്ടുകളില്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഒരാഴ്‌ചയായി മാധ്യമങ്ങളില്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. പ്രത്യേക താല്‍പര്യങ്ങള്‍ മുൻനിർത്തി നടത്തിയ ആസൂത്രണത്തിന്‍റെ ഫലമാണ് ഈ റിപ്പോർട്ടുകള്‍. ഭീകരതയെയും കുറ്റകൃത്യങ്ങളെയും നിയന്ത്രിക്കുന്നതിനായി മാത്രമെ പെഗാസസ് സോഫ്‌റ്റ്‌വെയർ മറ്റ് സർക്കാരുകള്‍ക്ക് നല്‍കാറുള്ളു. ലിസ്റ്റ് തയാറാക്കി ചില ആളുകളുടെ വിവരം ചോർത്തി എന്ന ആരോപണവുമായി കമ്പനിക്ക് യാതൊരും ബന്ധവുമില്ലെന്നും എൻഎസ്ഒ വക്താവ് പറഞ്ഞു.
ഇനി മാധ്യമങ്ങളുമായി കൂടുതല്‍ ചർച്ചകള്‍ക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ആപ്പിന്‍റെ സേവനം നിർത്തിവയ്‌ക്കുമെന്നും എൻഎസ്‌ഒ വ്യക്തമാക്കി. എൻഎസ്‌ഒ ഒരു ടെക്‌നോളജി കമ്പനിയാണ്. ഉപഭോക്താക്കളുടെ ഡാറ്റയിലേക്ക് ഞങ്ങൾക്ക് പ്രവേശനമില്ല എന്നതുമാണ് യാഥാർഥ്യം. എന്നിരുന്നാലും ഇത്തരം ഒരു ആരോപണം ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്നും എൻഎസ്ഒ അറിയിച്ചു.
സേവനങ്ങള്‍ തുടരും
അതേസമയം മറ്റ് പെഗാസസിലൂടെ ലോകത്തിന് നല്‍കുന്ന മറ്റ് സേവനങ്ങള്‍ യാതൊരു മുടക്കവുമില്ലാതെ തുടരും. ജനങ്ങളുടെ ജീവൻ രക്ഷിക്കുക, ഭീകരാക്രമണങ്ങൾ തടയുക, പീഡോഫീലിയ, മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ എന്നിവയെ തകർക്കുക, കാണാതായതും തട്ടിക്കൊണ്ടുപോയതുമായ കുട്ടികളെ കണ്ടെത്തുക, തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക, വ്യോമാതിർത്തി സംരക്ഷിക്കുക തുടങ്ങിയ ദൗത്യം തുടരുമെന്നും എൻഎസ്‌ഒ അറിയിച്ചു.
ഉയരുന്ന ആരോപണം
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ രണ്ട് മന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, രാജ്യത്തെ 40 ലധികം മാധ്യമപ്രവർത്തകർ എന്നിവർക്ക് പുറമെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ എന്നിവരുടെ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നാണ് റിപ്പോർട്ട്.
also read: പെഗാസസില്‍ ചോരുമോ മോദി സര്‍ക്കാരിന്‍റെ വിശ്വാസ്യത?