ഒമ്പത് കോടി ജനങ്ങളുള്ള ഒരു കുഞ്ഞന്‍ രാഷ്ട്രമാണ് വിറ്റനാം. ആഗോളതലത്തില്‍ ഭീതി പടര്‍ത്തി കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ വിറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്‌തത് വെറും 288 പോസിറ്റീവ് കേസുകള്‍. മരണനിരക്ക് പൂജ്യം. കൊവിഡിനെ പൊരുതി തോല്‍പ്പിച്ച തായിവാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ജര്‍മനി എന്നീ രാജ്യങ്ങളുടെ വിജയഗാഥകള്‍ക്കിടെ വിയറ്റ്‌നാമിന്‍റെ ചെറുത്ത് നില്‍പ്പിനെ ആരും ശ്രദ്ധിച്ചില്ല. ദീര്‍ഘവീക്ഷണത്തോടുകൂടിയ ആസൂത്രിതമായ പ്രതിരോധ പദ്ധതിയിലൂടെയാണ് വിയറ്റ്നാം ഈ നേട്ടം കൈവരിച്ചത്. ലോകം കൊവിഡ് എന്ന മഹാമാരിയെ തിരിച്ചറയും മുമ്പേ വിയറ്റ്നാം രോഗത്തിന്‍റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തി.
കൊവിഡ് 19നെ ചെറുത്ത് തോല്‍പ്പിച്ച് വിയറ്റ്‌നാം - COVID-19 WAR
ദീര്‍ഘവീക്ഷണത്തോടുകൂടിയ ആസൂത്രിതമായ പ്രതിരോധ പദ്ധതിയിലൂടെയാണ് വിയറ്റ്നാം നേട്ടം കൈവരിച്ചത്.
വിയറ്റ്നാം ആസ്ഥാനമായുള്ള സൈബർ സുരക്ഷ ഏജൻസിയായ എപിടി32 മുഖേന 2019 നവംബര്‍-ഡിസംബര്‍ അവസാനത്തോടെ ചൈനയില്‍ പുതിയ ഒരു വൈറസിന്‍റെ വ്യാപനം ആരംഭിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പഠനത്തിലൂടെ കൃത്യമായ പദ്ധതി തയ്യാറാക്കുകയും അത് നടപ്പിലാക്കാനും വിയറ്റ്‌നാം ഭരണകൂടത്തിന് കഴിഞ്ഞു. 2020 ഫെബ്രുവരിയില്‍ മൂന്ന് രീതിയിലുള്ള പ്രതിരോധ പദ്ധതി നിലവില്‍ കൊണ്ടുവന്നു. ഫെബ്രുവരി ആദ്യവാരം രാജ്യത്തിന്‍റെ എല്ലാ വിമാനത്താവളങ്ങളിലും സ്‌ക്രീനിങ് സംവിധാനമൊരുക്കി. യാത്രക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുകയും 38 ഡിഗ്രിയിലധികം ശരീരത്തില്‍ ഊഷ്‌മാവുള്ളവരെ ഉടന്‍ സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിക്കുകയും ചെയ്‌തു. വിമാനത്തവളങ്ങള്‍ക്ക് പുറമേ ഭക്ഷണശാലകള്‍, ബാങ്കുകള്‍, കടകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലായിടത്തും പ്രത്യേക സ്‌ക്രീനിങ് നടപടികള്‍ ആരംഭിച്ചു. മെയ് എട്ട് വരെയുള്ള കണക്ക് പ്രകാരം 2,61,004 കൊവിഡ് പരിശോധനകളാണ് വിയറ്റ്നാമില്‍ നടന്നത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന വ്യക്തി താമസിക്കുന്ന പ്രദേശം നിയന്ത്രണ മേഖലയായി കണക്കായി സീല്‍ ചെയ്യും. പരിശോധനാ കിറ്റുകള്‍ക്കായി ചൈന പോലുള്ള മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കുന്നതിന് പകരം പ്രാദേശികമായി തന്നെ പരിശോധനാ കിറ്റുകള്‍ നിര്‍മിച്ചുവെന്നതാണ് വിയറ്റ്നാമിന്‍റെ മറ്റൊരു വിജയം. ഇങ്ങനെ നിര്‍മിച്ച കിറ്റുകളിലൂടെ ഒന്നര മണിക്കൂറില്‍ പരിശോധനാ ഫലം അറിയാന്‍ സാധിക്കും.
ഫെബ്രുവരിയുടെ രണ്ടാം വാരം വിദേശത്ത് നിന്നെത്തുന്നവരെ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കി. മാര്‍ച്ചോടെ രാജ്യത്തിന്‍റെ ചില പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ജനുവരി ആദ്യം മുതല്‍ തന്നെ വൈറസ് സംബന്ധിക്കുന്ന അവബോധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ പ്രചരണത്തില്‍ പങ്കാളികളായി. നിരീക്ഷണത്തിലുള്ളവരുടേയും കൊവിഡ് ബാധിതരുടെയും പേരുകള്‍ വെളിപ്പെടുത്താതെ അവരുടെ പൂര്‍ണ വിവരങ്ങളും ഭരണകൂടം പരസ്യപ്പെടുത്തി. മറ്റ് രാജ്യങ്ങള്‍ ചെയ്‌തതില്‍ നിന്നും വ്യത്യസ്തമായി ഒന്നും വിയറ്റ്‌നാം ചെയ്‌തിട്ടില്ല. എന്നാല്‍ രോഗവ്യാപനത്തെ വേഗത്തില്‍ തിരിച്ചറിയാനും കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വിയറ്റ്‌നാം ഭരണകൂടത്തിനായി.