വാഷിംഗ്ടൺ:മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്ക. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിന്തുണച്ച് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും പ്രതിഷേധക്കാരെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു .ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മോടെഗിയോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.
മ്യാൻമറിലെ സൈനിക അട്ടിമറി പരിഹരിക്കുന്നതിനായി സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. മ്യാൻമറിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച സൈനിക നടപടിയില്‍ ആന്‍റണി ബ്ലിങ്കൻ ആശങ്ക രേഖപ്പെടുത്തി. മ്യാൻമറിലെ സൈനിക അട്ടിമറിക്ക് പിന്നിലുള്ള നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ബ്ലിങ്കനും മൊട്ടെഗിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടത്.
ഉപരോധത്തിന്‍റെ ഭാഗമായി മ്യാൻമറിന് പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളറിന്‍റെ ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു. മ്യാൻമർ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആരോഗ്യം പോലുള്ള മേഖലയില്‍ പിന്തുണ തുടരും. എന്നാല്‍ സര്‍ക്കാരിന് ഗുണം ലഭിക്കുന്ന മേഖലയില്‍ നിയന്ത്രണം വരുത്തും. കയറ്റുമതി നിയന്ത്രണങ്ങള്‍ ഈ ആഴ്‌ച തന്നെ നിലവില്‍ വരുമെന്നും ജോ ബൈഡൻ അറിയിച്ചിരുന്നു.