ഇസ്ലാമാബാദ്: 'ചുറ്റിലും തീ ആളി കത്തുന്നു. കറുത്ത പുക കാരണം ഒന്നും കാണാൻ സാധിക്കുന്നില്ല. കുട്ടികളുടേയും മുതിർന്നവരുടേയും കരച്ചിൽ കേൾക്കാം'. പാകിസ്ഥാൻ വിമാനാപകടത്തിൽ നിന്നും അത്ഭുതരമായി രക്ഷപ്പെട്ട മുഹമ്മദ് സുബൈറിന്‍റെ വാക്കുകളാണിത്.
നിലവിളി കേൾക്കാമായിരുന്നു; പാക് വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സുബൈര്‍ പറയുന്നു യാത്രക്കാരും ജീവനക്കാരുമടക്കം 99 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 97 പേരും കൊല്ലപ്പെട്ടു. അത്ഭുതമെന്ന് തീർത്തും പറയാൻ സാധിക്കുന്ന തരത്തിൽ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ്, 24 കാരനായ മുഹമ്മദ് സുബൈർ എന്നിവർ രക്ഷപ്പെട്ടു. താൻ നേരിട്ട ദുരന്ത മുഖത്തെ കുറിച്ച് ആശുപത്രിയിൽ നിന്നും പറയുകയാണ് സുബൈർ.
'ലാൻഡിംഗിന് എന്തോ ബുദ്ധിമുട്ടുണ്ടെന്ന് പൈലറ്റ് മുന്നറിയിപ്പ് നൽകി. എഞ്ചിൻ തകരാറുണ്ടെന്ന പൈലറ്റിന്‍റെ ശബ്ദം വിമാനത്തിൽ നിറഞ്ഞു. നിമിഷങ്ങൾക്ക് ശേഷം വിമാനം തെറിച്ച് വീണു. ആദ്യം മരിച്ചെന്നാണ് കരുതിയത്. എനിക്ക് ചുറ്റിനും തീ ആളി കത്തുന്നുണ്ടായിരുന്നു. മറ്റാരെയും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കരച്ചിലുകള്‍ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ഞാന്‍ എന്‍റെ സീറ്റ്ബെല്‍റ്റ് അഴിച്ചു. വെളിച്ചത്തിന് നേരെ എഴുന്നേറ്റു. അവശിഷ്ടങ്ങൾക്കിടയിലൂടെ എങ്ങനെയോ പുറത്ത് കടന്നു. ഒടുവിൽ ആരൊക്കെയോ ചേർന്ന് വലിച്ചിഴച്ച് ആംബുലൻസിൽ കയറ്റി. ജീവൻ രക്ഷിച്ചു'. മുഹമ്മദ് സുബൈര്‍ ആശുപത്രി കിടക്കയില്‍വെച്ച് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ഈദ്-ഉൽ ഫിത്തറിന് മുന്നോടിയായി പാകിസ്ഥാനിൽ ഈ ആഴ്ച ആദ്യമാണ് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ പലരും അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങിയവരാണെന്ന് ശാസ്ത്ര മന്ത്രി ഫവാദ് അഹമ്മദ് ചൗധരി പറഞ്ഞു. PK 8303 എയർബസ് എ-320 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കറാച്ചിയില്‍ ജനവാസ കേന്ദ്രത്തിലാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തില്‍പ്പെട്ട 19 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.