കാബൂൾ:കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രവിശ്യാ ഗവർണറെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണത്തിൽ നാല് സാധാരണക്കാർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ലാഗ്മാൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ ഗവർണർ റഹ്മത്തുല്ല യർമലിന് പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അസദുള്ള ദാവ്‌ലാത്സായി പറഞ്ഞു.
പ്രവിശ്യാ തലസ്ഥാനമായ മിഹ്‌തെർലാമിൽ നടന്ന ആക്രമണത്തിൽ ഗവർണർ റഹ്മത്തുല്ല യർമലിന്‍റെ അംഗരക്ഷകരിൽ നാലുപേർ കൊല്ലപ്പെട്ടു. സൈനികരും സാധാരണക്കാരും അടക്കം 38 ഓളം പേർക്ക് പരിക്കേറ്റു. ചെറിയ കുട്ടികളടക്കം പരിക്കേറ്റവരെ നഗരത്തിലെ പ്രധാന ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തില്ല. ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരും താലിബാനും പ്രദേശത്ത് സജീവമാണ്. അഫ്ഗാൻ സർക്കാർ പ്രതിനിധികൾ, ദേശീയ സുരക്ഷ, പ്രതിരോധ ഉദ്യോഗസ്ഥർ, സാധാരണക്കാർ എന്നിവർക്കെതിരെ രണ്ട് തീവ്രവാദ സംഘടനകളും ആക്രമണങ്ങൾ നടത്താറുണ്ട്.
അയൽരാജ്യമായ നംഗർഹാർ പ്രവിശ്യയിൽ ശനിയാഴ്ച നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെയാണ് മിഹ്‌തെർലാമിൽ നടന്ന ആക്രമണം. മിഹ്‌തെർലാമിൽ നടന്ന ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തെത്തുടർന്ന് ഖത്തറിൽ അഫ്ഗാൻ സർക്കാറിന്‍റെയും താലിബാന്‍റെയും പ്രതിനിധികൾ ചർച്ചകൾ നടത്തുന്നുണ്ട്. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിൽ ഫെബ്രുവരിയിൽ ഒപ്പുവച്ച യുഎസ് -താലിബാൻ സമാധാന കരാറിനെത്തുടർന്ന് രാജ്യത്ത് പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനാണ് ചർച്ചകൾ ചേരുന്നത്.