കൊളംബൊ: ചില രാഷ്ട്രീയ വിമര്‍ശകരുടെ കണ്ണില്‍ നിലവിലുള്ള ശ്രീലങ്കയിലെ ഭരണകൂടം 'അതിശക്തമായ പൗരുഷം'' തുളുമ്പുന്നതാണ്. ആഭ്യന്തര യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഈ ഇന്ത്യാ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ ഇത്തരത്തിലുള്ള “ശക്തി പുരുഷന്മാരുടെ രാഷ്ട്രീയം'' തുടര്‍ന്നും ജനപ്രീതി പിടിച്ചു പറ്റികൊണ്ടിരിക്കയാണ്. രാജ്യത്തെ ഭൂരിപക്ഷ വംശീയ-മത വിഭാഗം ആയ സിംഹള ബുദ്ധിസ്റ്റുകൾക്കിടയിൽ പ്രത്യേകിച്ചും. പ്രസിഡന്‍റ് എന്ന നിലയിലും, ഇടക്കാല പ്രധാനമന്ത്രി എന്ന നിലയിലും ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ടിനെ (എസ് എല്‍ പി പി) നയിച്ചു വരുന്ന രണ്ട് രാജപക്‌സ സഹോദരന്മാർക്കും ഇത് ശരിക്കും ഒരു കള്‍ട്ട് പ്രതിഛായയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള ഈ ഫോര്‍മുലയാണ് അവര്‍ ഓഗസ്റ്റ്-5-ന് ശ്രീലങ്ക അതിന്‍റെ പുതിയ പാര്‍ലിമെന്‍റിനെ തെരഞ്ഞെടുക്കുമ്പോള്‍ മുതലെടുക്കുവാന്‍ പോകുന്നത്.
ഈ “ശക്തമായ'' പ്രതിഛായ വീണ്ടും ഉയര്‍ത്തി കാട്ടുന്നതില്‍ സര്‍ക്കാര്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മാത്രമല്ല, കൊവിഡ്-19 സ്ഥിതി ഗതികളെ നിയന്ത്രണ വിധേയമാക്കിയ ഏക ദക്ഷിണേഷ്യന്‍ രാജ്യം എന്ന പ്രതിഛായയും അവര്‍ ഉയര്‍ത്തി കാട്ടുന്നു. 11 മരണങ്ങളുമായി ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ മഹാമാരി മരണ നിരക്കാണ് രാജ്യത്തിനുള്ളത്. ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളും അടച്ചു പൂട്ടലില്‍ കഴിയുമ്പോള്‍ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ് രാജ്യവ്യാപകമായി നടത്തുവാന്‍ കഴിയുന്ന ഏക ഭരണകൂടവും ഇവരുടേതാണ്.
“രാഷ്ട്രീയ നേതൃത്വത്തിന്‍റെ യഥാര്‍ത്ഥ പരീക്ഷണമാണ് ഇവിടെ നടക്കാന്‍ പോകുന്നത്,'' ദ്വീപിന്‍റെ വാണിജ്യ തലസ്ഥാനമായ കൊളംബോ ജില്ലയില്‍ നിന്നുള്ള എസ്എല്‍പിപി സ്ഥാനാര്‍ത്ഥി വിമല്‍ വീരവന്‍സ ഈയിടെ നടന്ന ഒരു പൊതു സമ്മേളനത്തില്‍ ഇങ്ങനെ പറയുന്നത് കേട്ടു. രാജപക്‌സാ സഹോദരന്മാര്‍ വളര്‍ത്തി വലുതാക്കുന്നതിനും നില നിര്‍ത്തുന്നതിലും ഏറെ കഴിവ് കാട്ടി എന്നാണ് പൊതു ജനങ്ങള്‍ക്കിടയിലുള്ള വികാരം. ഓഗസ്റ്റ് 5ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 70 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും, 313 സ്വതന്ത്ര ഗ്രൂപ്പുകളില്‍ നിന്നുമായുള്ള 7452 സ്ഥാനാർഥികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എസ്എല്‍പിപി മുന്നോട്ട് വെക്കുന്ന വേറെയും ചില “നേട്ടങ്ങളും'' ഉണ്ട്: ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴവുമായുള്ള (എല്‍ടിടിഇ) വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം ഉറപ്പാക്കിയ ദേശീയ വീരന്മാരായാണ് അതിശക്തരായ രാജപക്‌സ സഹോദരന്മാരെ കാണുന്നത്. അതുപോലെ രാജ്യത്ത് വന്‍ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും (വന്‍ തോതില്‍ ചൈനയില്‍ നിന്നും കടം വാങ്ങി കൊണ്ട്) നടപ്പാക്കിയതും, ന്യൂന പക്ഷങ്ങളുടെ വോട്ടുകള്‍ പിടിച്ചെടുക്കുന്നതിലൂടെ മാത്രമേ ദേശീയ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ എന്ന തെറ്റിദ്ധാരണ ഇല്ലാതാക്കിയതും, കൊവിഡ്-19 ആരോഗ്യ അടിയന്തിരാവസ്ഥ നിയന്ത്രണ വിധേയമാക്കിയ നേതൃത്വം എന്നതുമൊക്കെയാണ് മറ്റ് സവിശേഷതകളായി അവര്‍ മുന്നോട്ട് വെക്കുന്നത്.
ഇത്തരം സവിശേഷതകള്‍ എല്ലാം തന്നെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രതിഛായ സൃഷ്ടിക്കുന്നതാണെങ്കില്‍ പോലും ശ്രീലങ്കയിലെ ഈ രണ്ട് അതിശക്തരായ രാഷ്ട്രീയ സഹോദരന്മാര്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തിട്ടുണ്ട്. ഗോട്ടബായ രാജപക്‌സ എന്ന സൂത്രശാലിയായ പ്രസിഡന്‍റും അദ്ദേഹത്തിന്‍റെ മൂത്ത സഹോദരനും, രണ്ട് തവണ പ്രസിഡന്‍റ് സ്ഥാനം വഹിച്ച വ്യക്തിയുമായ മഹിന്ദ രാജപക്‌സയുമാണ് ഈ രണ്ട് ശക്തര്‍. പാര്‍ലിമെന്‍ററി അധികാരം കൈപിടിയിലാക്കുക എന്നുള്ള അവരുടെ സംയുക്തമായ ആവശ്യത്തിനുമപ്പുറം ഈ രാജപക്‌സ സഹോദരന്മാര്‍ ശരാശരി വോട്ടര്‍മാരെ പ്രീതിപ്പെടുത്തി നിര്‍ത്തുന്ന തരത്തില്‍ ഒറ്റക്കെട്ടായുള്ള ഒരു മുന്നേറ്റം സൃഷ്ടിക്കുന്നതില്‍ മിടുക്കരാണ്. ഇതിനു പിറകിലെ കാരണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കാണാം. പക്ഷെ ഈ ശക്തി ദ്വയങ്ങളെ മാത്രം കാണുന്ന വോട്ടര്‍മാര്‍ക്ക് മുന്നില്‍ അതൊന്നും വിശദീകരിക്കപ്പെടുന്നില്ല എന്നു മാത്രം.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം
2015-ലെ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടേയും പ്രധാനമന്ത്രി റെനില്‍ വിക്കമസിംഗെയുടേയും നേതൃത്വത്തിലുള്ള പരിഷ്‌കരണോന്മുഖ ഭരണകൂടം കൊണ്ടു വന്ന ഭരണഘടനയുടെ 19ആം ഭേദഗതി മൊത്തത്തില്‍ അഴിച്ചു പണിയുന്നതിന് സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് പ്രസിഡന്‍റ് ഗോട്ടബായ രാജപക്‌സ ആഹ്വാനം ചെയ്യുന്നത്.
1978-ലെ ഭരണഘടന പ്രകാരം പ്രസിഡന്‍റ് അളവില്ലാത്ത ഭരണാധികാരം കൈയ്യാളിയിരുന്ന പൂര്‍വ്വസ്ഥിതി തിരിച്ചു കൊണ്ടു വരുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിലവിലെ പ്രസിഡന്‍റ്. എന്നാല്‍ 19ആം ഭേദഗതി ഈ ഭരണാധികാരം കുറയ്ക്കുകയും പ്രധാനമന്ത്രിയുടെ അധികാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു കൊണ്ട് സ്വതന്ത്ര കമ്മീഷണനുകളിലൂടെ നിര്‍ണായകമായ പൊതു സ്ഥാപനങ്ങളെ രാഷ്ട്രീയ മുക്തമാക്കി മാറ്റുവാനുള്ള വഴി തുറക്കുകയാണ് ചെയ്തത്. എന്നാല്‍ “സ്വയം അച്ചടക്കത്തിലൂടെ ഉള്ള ഒരു സദാചാര സമൂഹം'' കെട്ടി പടുക്കുമെന്ന് പ്രതിഞ്ജ ചെയ്തിരിക്കുന്ന ഒരു പ്രസിഡന്‍റിനെ സംബന്ധിച്ചിടത്തോളം ഈ ഘടന ഒട്ടും അഭികാമ്യമല്ല. തന്‍റെ ഈ പ്രതിഞ്ജയിലൂടെ പൊതു സേവനങ്ങളിലേക്ക് അദ്ദേഹം സൈന്യത്തിലുള്ള ഉദ്യോഗസ്ഥരെ തിരുകി കയറ്റി അവരില്‍ പലരേയും നിര്‍ണായകമായ പൊതു പദവികളില്‍ ഇരുത്തുകയുണ്ടായി.
പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഇനി ഒരു തിരിച്ചു പോക്കില്ലാത്ത ഒന്നാണ്. 19ആം ഭേദഗതി അതിശക്തനായ ഒരു പ്രധാനമന്ത്രിയെ സൃഷ്ടിച്ചു കഴിഞ്ഞു. ഭരണകൂടത്തിനും നിയമ നിര്‍മ്മാണ വിഭാഗത്തിനും ഇടയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും സന്തുലിതാവസ്ഥയും ഈ ഭേദഗതി കൊണ്ടു വന്നു. മുന്‍ കാലങ്ങളിലെ ആലങ്കാരിക പദവി അല്ല ഇന്ന് പ്രധാനമന്ത്രി പദം. തന്‍റെ തന്നെ വ്യക്തിപരമായ ജനപ്രീതിയും, പൊതു സമ്പത്തിനു മേല്‍ ആവശ്യമായ നിയന്ത്രണവും മൂലം രാഷ്ടീയ സ്ഥിതപ്രഞ്ജനായ രാജപക്‌സ വ്യത്യസ്തമായ തരത്തില്‍ വോട്ടര്‍മാരെ സമീപിക്കുന്നതിലേക്കാണ് കാര്യങ്ങൾ നയിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷവും അദ്ദേഹം തന്റെ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പാര്‍ലിമെന്‍റിനെ മുന്നോട്ട് കൊണ്ടു പോകാനാണിട. പക്ഷെ തല്‍ക്കാലം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും മഹിന്ദ രാജപക്‌സയുടെ ഭാഗ്യമെന്നപോലെ ഓഗസ്റ്റ് 5ലെ തെരഞ്ഞെടുപ്പ് ഒരു ഏകാശ്വത്തിന്‍റെ മത്സരയോട്ടം പോലെ വിധി കല്‍പ്പിക്കപ്പെട്ടു കഴിഞ്ഞതാണ്. കാരണം എല്‍എല്‍പിപി വിജയം പിടിച്ചെടുക്കുമെന്നുള്ള കാര്യം ഉറപ്പായി കഴിഞ്ഞു. നിലവിലെ സര്‍ക്കാര്‍ തീര്‍ച്ചയായും തരക്കേടില്ലാത്ത വിജയം കൈവരിക്കാന്‍ പോവുകയാണ്. മാത്രമല്ല, അവരുടെ സാധ്യതകളെ വർധിപ്പിക്കുന്ന പങ്കാളിത്ത ഘടകങ്ങള്‍ പലതുമുണ്ട്. അതിലുള്‍പ്പെട്ടതാണ് ഇപ്പോള്‍ ഉയര്‍ത്തി കാട്ടുന്ന ശക്തമായ നേതൃത്വം, വിവര നിയന്ത്രണം, വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രചാരണ യന്ത്രം, പൊതു സ്ഥാപനങ്ങള്‍ എല്ലാം നിശബ്ദമായി സൈനികവല്‍ക്കരിക്കപ്പെട്ടത് എന്നിവയെല്ലാം. ശ്രീലങ്കന്‍ സമൂഹത്തിലേക്ക് ഏറെ ആവശ്യമായ അച്ചടക്കവും കാര്യപ്രാപ്തിയും കുത്തിവെയ്ക്കുവാന്‍ പറ്റിയ ഒരു രീതിയായാണ് ഇതെല്ലാം കണക്കാക്കപ്പെടുന്നത്. പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനാര്‍ത്ഥിയായ രാജപക്‌സ അങ്ങേയറ്റം ആഴത്തില്‍ വിഭജിക്കപ്പെട്ട ഒരു പ്രതിപക്ഷത്തിലാണ് തന്‍റെ ഏറ്റവും വലിയ നേട്ടം കാണുന്നത്. രണ്ടായി പിളര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി പ്രതിപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നു.