സിംഗപ്പൂര്‍ സിറ്റി:പുതുതായി 132 പേര്‍ക്ക് കൂടി സിംഗപ്പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ ജൂലായ് 25മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരെത്തിയവരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54929 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികളുടെ ഡോര്‍മിറ്ററികളില്‍ താമസിക്കുന്നവര്‍ക്കാണ് ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ചില ബ്ലോക്കുകളിലെ പരിശോധന ശേഷിക്കുന്നതൊഴിച്ച് ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന മുഴുവന്‍ കുടിയേറ്റ തൊഴിലാളികളുടെയും കൊവിഡ് പരിശോധന നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു. ശേഷിക്കുന്നവരുടെ പരിശോധന ഐസൊലേഷന്‍ കാലാവധി തീരുന്നതിനനുസരിച്ച് നടത്തും.
സിംഗപ്പൂരില്‍ 132 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54929 ആയെന്ന് ആരോഗ്യമന്ത്രാലയം.
കൊവിഡ് രോഗവിമുക്തി നേടിയ ആളുകള്‍ ജോലിയില്‍ പുനപ്രവേശിക്കുന്നുണ്ടെന്നും നിര്‍മാണ പ്രവൃത്തികള്‍ മാസാവസാനത്തോടെ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ലോറന്‍സ് വോങ് പറഞ്ഞു. കരാറുകാരോട് ജോലിക്കാര്‍ക്കായി ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ ജോലിയില്‍ തിരിച്ചെത്തിയതിന് ശേഷം രണ്ടാഴ്‌ച കൂടുമ്പോള്‍ പരിശോധന നടത്തുമെന്നും ഡോര്‍മിറ്ററികള്‍ കൊവിഡ് മുക്തമായെന്ന് കരുതി കേസുകള്‍ വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മന്ത്രി പറഞ്ഞു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ അടുത്തിടെ സിംഗപ്പൂരിലെത്തിയ ആറ് പേരില്‍ രണ്ട് പേര്‍ സിംഗപ്പൂര്‍ പൗരന്മാരാണ് രണ്ട് പേര്‍ വര്‍ക്ക് പാസുള്ളവരും ശേഷിക്കുന്നവര്‍ ആശ്രിതവിസയിലെത്തിയവരുമാണ്. ആറ് പേരും 14 ദിവസത്തെ ഹോം ക്വാറന്‍റൈയിനിലായിരുന്നു. 281 പേരാണ് വെള്ളിയാഴ്‌ച രാജ്യത്ത് രോഗവിമുക്തി നേടിയത്. ഇതുവരെ 48297 പേര്‍ സിംഗപ്പൂരില്‍ രോഗവിമുക്തി നേടി. 124 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. 6334 പേര്‍ ചെറിയ രോഗലക്ഷണങ്ങളോടെ കമ്മ്യൂണിറ്റി കേന്ദ്രങ്ങളില്‍ സുഖം പ്രാപിച്ചുവരികയാണ്.