ഇസ്‌ലാമാബാദ്: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴി തെളിച്ചു. ഇമ്രാൻ ഖാന്‍റെ പരാമർശങ്ങൾ ഇരയെ തെറ്റുകാരി ആക്കുന്നതാണ് എന്നുൾപ്പെടെയുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് ലൈംഗികാതിക്രമങ്ങൾക്ക് കാരണം എന്നും ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രങ്ങളുടെ അളവ് കുറഞ്ഞുപോയാൽ അതിന്‍റെ സ്വാധീനം പുരുഷൻമാരിലുണ്ടാവുമെന്നും പുരുഷന്മാർ റോബോട്ടുകൾ അല്ലെന്നും പർദ്ദ ധരിക്കാനും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. നൈറ്റ് ക്ലബുകളും ഡിസ്കോകളും ഇവിടെയില്ലയെന്നും സമൂഹത്തിൽ പ്രലോഭനങ്ങൾ സൃഷ്ടിക്കാതിരിക്കുക എന്നും ഇമ്രാൻ ഖാൻ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകൾക്കെതിരെ വൻ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
അതൃപ്തി സമൂഹ മാധ്യമങ്ങളിൽ
പ്രധാനമന്ത്രിയുടെ വാക്കുകൾ വെറുപ്പുളവാക്കുന്നതും പ്രകോപനപരവുമാണെന്നാണ് മാധ്യമ പ്രവർത്തകയായ ഗരീദ ഫറൂഖി അഭിപ്രായപ്പെട്ടത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് സ്ത്രീ ധരിക്കുന്ന വസ്ത്രങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഇമ്രാൻ ഖാന്‍റെ പ്രതികരണം പീഡനങ്ങളെ ന്യായീകരിക്കുന്നതാണെന്നും ഫറൂഖി ട്വീറ്റ് ചെയ്തു.