ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2,964 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 72,460 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 60 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,543 ആയി. 26,083 പേർ രോഗമുക്തി നേടി. 561,136 കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പാകിസ്ഥാനിൽ കൊവിഡ് കേസുകൾ 72,000 കടന്നു
60 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ പാകിസ്ഥാനിലെ ആകെ മരണസംഖ്യ 1,543 ആയി ഉയർന്നു.
സിന്ധിൽ നിന്ന് 28,245, പഞ്ചാബിൽ നിന്ന് 26,240, ഖൈബർ-പഖ്‌തുൻഖ്വയിൽ നിന്ന് 10,027, ബലൂചിസ്ഥാനിൽ നിന്ന് 4,393, ഇസ്ലാമാബാദിൽ നിന്ന് 2,589, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ നിന്ന് 711, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ 255 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. മെയ് മാസത്തിൽ കൊവിഡ് മരണസംഖ്യ 408ൽ നിന്ന് 1,483 ആയി ഉയർന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധ്യക്ഷനാകുന്ന ദേശീയ ഏകോപന സമിതിയുടെ (എൻസിസി) നിർണായക യോഗം ഇന്ന് നടക്കും.
ലോക്ക് ഡൗൺ ഇളവുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ ജനങ്ങൾക്കിടയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ചർച്ചകൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം വർധിച്ചിട്ടും മെയ് ഒമ്പത് മുതൽ പാകിസ്ഥാനിൽ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി. മാർച്ച് അവസാനം മുതൽ ആരംഭിച്ച ലോക്ക് ഡൗൺ മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. തുടര്‍ന്ന് വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഘട്ടം ഘട്ടമായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ലഘൂകരിക്കാൻ തുടങ്ങി. ശനിയാഴ്‌ച മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.