ഇസ്ലാമാബാദ്: തീവ്ര മതസംഘടനയായ തെഹ്രീക്ക്-ഇ-ലബായ്‌ക്ക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകരുടെ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ വർഷം ഫ്രാൻസിൽ പ്രസിദ്ധീകരിച്ച മതനിന്ദ കാരിക്കേച്ചർ സംഭവത്തിൽ രാജ്യത്തെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് പാകിസ്ഥാൻ - pak bans social media
കഴിഞ്ഞ വർഷം ഫ്രാൻസിൽ പ്രസിദ്ധീകരിച്ച മതനിന്ദ കാരിക്കേച്ചർ സംഭവത്തിൽ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നേരിടാനാണ് നിരോധനം.
ഇന്ന് വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളുടെ സേവനങ്ങൾ നിർത്തിവെയ്‌ക്കാനാണ് പാകിസ്ഥാൻ ആഭ്യന്തരമന്ത്രാലയം ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിക്ക് നിർദേശം നൽകിയത്. പ്രകടനങ്ങൾ സംഘടിപ്പിക്കാനും മറ്റും ടിഎൽപി സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യാം എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ തിങ്കളാഴ്‌ച വിഷയത്തിൽ ടിഎൽപി നേതാവ് സാദ് ഹുസൈൻ റിസ്‌വിയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് സംഘടന രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചത്. തുടർന്ന് വ്യാഴാഴ്‌ച ടിഎൽപിയെ നിരോധിച്ചിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളിൽ വിവിധ നഗരങ്ങളിലായി ഇതുവരെ ഏഴുപേരാണ് മരിച്ചത്. 300ഓളം പൊലീസുകാർക്കും പരിക്കേറ്റു.