ഇസ്ലാമാബാദ്:ഷാങ്ഹായ് സഹകരണ സംഘടനയുടെ ഒമ്പതാമത് പ്രതിരോധ സുരക്ഷാ വിദഗ്‌ധരുടെ ദ്വിദിന യോഗം പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ സമാപിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌സിഒ) അംഗങ്ങളായ രാജ്യങ്ങളുടെ സഹകരണവും പ്രാദേശിക സുരക്ഷയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. സംയുക്ത പരിശീലനവും സൈനികാഭ്യാസവും ഉൾപ്പടെയുള്ള സുപ്രധാന വിഷയങ്ങളും യോഗത്തില്‍ മുഖ്യവിഷയങ്ങളായി. പാകിസ്ഥാൻ, ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
ഷാങ്ഹായ് സഹകരണ സംഘടന യോഗം സമാപിച്ചു
ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌സിഒ) അംഗങ്ങളായ രാജ്യങ്ങളുടെ സഹകരണവും പ്രാദേശിക സുരക്ഷയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു
പാകിസ്ഥാനില്‍ നടന്ന എസ്‌സിഒ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തത് നിലവിലെ ഇന്ത്യ-പാക് ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജമ്മു കശ്‌മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങൾ നിലനില്‍ക്കവെയാണിത്. ഷാങ്ഹായ് സഹകരണ സംഘടനാ തലവൻമാരുടെ ഇത്തവണത്തെ വാര്‍ഷിക യോഗത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. ഇന്ത്യയില്‍ ആദ്യമായാണ് യോഗം നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും 2017ലാണ് ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗങ്ങളായത്. ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക സുരക്ഷാ സംഘടനയാണിത്.