പാകിസ്ഥാന് അന്ത്യശാസനം നല്‍കി എഫ്എടിഎഫ്
എഫ്എടിഎഫ് മുന്നോട്ടുവച്ച 27 ഇന കർമ്മപദ്ധതി അടുത്ത വർഷം ഫെബ്രുവരിക്കുളളില്‍ നടപ്പാക്കണമെന്ന് എഫ്എടിഎഫ്
ന്യൂഡല്‍ഹി: പാകിസ്ഥാന് ഫെബ്രുവരി വരെ സമയം അനുവദിച്ച് ഫിനാഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്. അതിനകം എഫ്എടിഎഫ് മുന്നോട്ടുവച്ച 27 ഇന കർമ പദ്ധതി പൂർണമായും നടപ്പാക്കണമെന്നും അല്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്എടിഎഫ് അന്ത്യശാസനം നല്‍കി. പാകിസ്ഥാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും രാജ്യങ്ങള്‍ക്ക് എഫ്എടിഎഫ് നിർദേശം നല്‍കി. നിലവില്‍ പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റിലാണുള്ളത്. ഇന്ന് പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന ആശങ്ക നിലനിന്നിരുന്നു. നിലവില്‍ പാകിസ്ഥാന് ആശ്വാസകരമായ നടപടിയാണ് എഫ്എടിഎഫിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. 2018 ജൂണിലാണ് എഫ്എടിഎഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. തുടർന്ന് എഫ്എടിഎഫിന്‍റെ 27 ഇന കർമ പദ്ധതി നടപ്പിലാക്കാന്‍ 15 മാസവും അനുവദിച്ചിരുന്നു. എന്നാല്‍ അതില്‍ ആറെണ്ണം മാത്രമാണ് പാകിസ്ഥാൻ ഇതുവരെ നടപ്പാക്കിയിട്ടുള്ളത്.