ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാൻ പാക് പാർലമെന്‍റ് വെള്ളിയാഴ്ച യോഗം ചേരും. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ 24 ഭരണകക്ഷി എം.എന്‍.എമാരെ (ദേശീയ അസംബ്ളി അംഗങ്ങള്‍) അനുനയിപ്പിക്കാന്‍ ഖാന്‍ ശ്രമം നടത്തിയിരുന്നു. ഇത് നിരസിച്ച ഇവര്‍ വെള്ളിയാഴ്‌ചത്തെ യോഗത്തില്‍ പ്രമേയത്തെ പിന്താങ്ങും.
അവർ പാർട്ടിയിൽ തിരിച്ചെത്തിയാൽ ഒരു അനുകമ്പയുള്ള പിതാവിനെപ്പോലെ ക്ഷമിക്കാൻ താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഞായറാഴ്‌ച പറഞ്ഞിരുന്നു. സ്‌പീക്കർ അസദ് ഖൈസർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് പാര്‍ലമെന്‍റ് സമ്മേളനം ചേരും. ദേശീയ അസംബ്ലിയുടെ 41-ാമത് സെഷനാണിത്.
മാർച്ച് 21 നകം ദേശീയ അസംബ്ളി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്‌ക്ക് ദേശീയ അസംബ്ലിയില്‍ ഇന്ന് (മാര്‍ച്ച് 21) തുടക്കമാവും.
'ഖാന്‍ ഭരണം സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് വഴിയൊരുക്കി'
പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) എന്നിവയിലെ നൂറോളം നിയമസഭാംഗങ്ങൾ മാർച്ച് എട്ടിനാണ് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിന് മുന്‍പാകെ അവിശ്വാസ പ്രമേയം സമർപ്പിച്ചത്. ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം നല്‍കിയത്.
14 ദിവസത്തിനുള്ളിൽ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രി ഷെയ്ഖ്, അസാധാരണമായ സാഹചര്യങ്ങളാൽ ഇത് വൈകാൻ സാധ്യതയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശകാര്യ മന്ത്രിമാരുടെ 48-ാമത് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ (ഒ.ഐ.സി) കൗൺസിൽ യോഗം പാർലമെന്‍റ് ഹൗസിൽ മാർച്ച് 22, 23 തിയതികളിൽ നടക്കുന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം പരിഗണിക്കുന്നതില്‍ കാലതാമസം നേരിട്ടത്.
ALSO READ:ഇമ്രാന്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നാളെ ; തെരുവിലിറങ്ങി സര്‍ക്കാര്‍ - പ്രതിപക്ഷ അനുകൂലികള്‍