തീവ്രവാദ ധനസഹായം; ഹാഫിസ് മുഹമ്മദ് സയീദിന്‍റെ വാദം കേൾക്കുന്നത് നീട്ടി - ഹാഫിസ് മുഹമ്മദ് സയീദ്
കേസിലെ അഭിഭാഷകനായ ഡെപ്യൂട്ടി പ്രോസിക്യൂഷൻ ജനറൽ അബ്‌ദുർ റൗഫ് അവധിയിലായതിനാലാണ് വാദം കേൾക്കാൻ കഴിയാത്തതെന്ന് പാകിസ്ഥാൻ കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു
ലാഹോർ: മുംബൈ ആക്രമണ സൂത്രധാരൻ ഹാഫിസ് മുഹമ്മദ് സയീദിനെതിരായ തീവ്രവാദ ധനസഹായ കേസുകളിൽ മൂന്ന് ദിവസമായി വാദം നടക്കുന്നില്ലെന്ന് പാകിസ്ഥാൻ കോടതി. കേസിലെ അഭിഭാഷകനായ ഡെപ്യൂട്ടി പ്രോസിക്യൂഷൻ ജനറൽ അബ്‌ദുർ റൗഫ് അവധിയിലായതിനാലാണ് വാദം കേൾക്കാൻ കഴിയാത്തതെന്ന് പാകിസ്ഥാൻ കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. നാളെ വരെയാണ് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) വാദം നീട്ടി വെച്ചത്. റൗഫ് രാജ്യത്തിന് പുറത്താണെന്നും നാളെയാണ് അദ്ദേഹം മടങ്ങിയെത്തുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച സയീദിന്‍റെ അഭിഭാഷകരായ നസറുദ്ദീൻ നയ്യാർ, ഇമ്രാൻ ഫസൽ ഗുൾ കേസിൽ വാദത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അനുവദിച്ച കോടതി 23നുള്ളിൽ വാദം അവസാനിപ്പിക്കണമെന്നും പറഞ്ഞിരുന്നു.