കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരെ പാകിസ്ഥാനില്‍ ഇനി പരസ്യമായി തൂക്കിലേറ്റും
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റുന്നതിനായി പാകിസ്ഥാന്‍ അസംബ്ലി പ്രമേയം പാസാക്കി
ഇസ്ലാമാബാദ്: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരെ പാകിസ്ഥാനില്‍ ഇനി പരസ്യമായി തൂക്കിലേറ്റും. ഇത് സംബന്ധിച്ച പ്രമേയം പാകിസ്ഥാൻ അസംബ്ലി പാസാക്കി. പാർലമെന്‍ററി കാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ശിക്ഷകളുടെ കാഠിന്യം വർദ്ധിപ്പിക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങൾ കുറയില്ലെന്ന് പിപിപി നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജ പർവേസ് അഷ്‌റഫ് പറഞ്ഞു. യുഎൻ നിയമങ്ങൾ ലംഘിക്കുന്ന നിയമമാണിതെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ബാലാവകാശ സംഘടനയായ സാഹിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1,304 കുട്ടികളാണ് കഴിഞ്ഞ കൊല്ലം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.