ഇസ്ലാമാബാദ്: ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ബസ് സ്‌ഫോടനത്തിൽ ഒമ്പത് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവം തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ.
ബസിന്‍റെ സാങ്കേതിക പ്രശ്‌നങ്ങളാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പാകിസ്ഥാൻ ആദ്യം വിശദീകരിച്ചിരുന്നത്. പാകിസ്ഥാനും ചൈനയും സംയുക്തമായി ഇറക്കിയ വാർത്താക്കുറിപ്പിലാണ് തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യാ തലസ്ഥാനമായ ചെംഗ്ഡുവിൽ നടന്ന പാകിസ്ഥാൻ-ചൈന വിദേശകാര്യ മന്ത്രിമാരുടെ നയതന്ത്ര ചർച്ചയുടെ മൂന്നാം സെഷന്‍റെ സമാപനത്തിലാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
സ്‌ഫോടനത്തില്‍ ചൈനീസ് പൗരന്മാൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനയിലേക്ക് പോയത്.
സ്‌ഫോടനം ജൂലൈ 14ന്
ജൂലൈ 14ന് അപ്പർ കൊഹിസ്ഥാൻ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന ദാസു ഡാമിലേക്ക് ചൈനീസ് എഞ്ചിനീയർമാരെയും തൊഴിലാളികളെയും കൊണ്ടുപോകുന്ന ബസാണ് സ്‌ഫോടനത്തില്‍ തകർന്നത്. സംഭവത്തില്‍ ഒമ്പത് ചൈനക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു. സ്‌ഫോടനത്തെത്തുടർന്ന് ബസ് ആഴത്തിലുള്ള മലയിടുക്കിലേക്ക് വീണിരുന്നു.