സിയോൾ: ചൈനയുടെ അതിർത്തി രാജ്യമായിരുന്നിട്ടു കൂടി കൊറോണ വൈറസിനെ അകറ്റി നിർത്തുന്നതിൽ രാജ്യം വിജയിച്ചുവെന്ന് ലോകാരോഗ്യ സംഘടനയോട് ഉത്തര കൊറിയ. രാജ്യത്ത് ഇതുവരെ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയ സമയങ്ങളിൽ വൈറസിനെ അകറ്റി നിർത്തേണ്ടത് രാജ്യത്തിന്‍റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയ അതിർത്തികൾ അടച്ചുപൂട്ടുകയും വിനോദസഞ്ചാരികളെ നിരോധിക്കുകയും നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. രാജ്യത്ത് അന്താരാഷ്ട്ര ഗതാഗതത്തിന് ഇപ്പോഴും കടുത്ത നിയന്ത്രണമുണ്ട്.
ലോകത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ നാളുകൾ മുതൽ രാജ്യത്ത് 23,121 കൊറോണ ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ എല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും രാജ്യത്തെ ലോകാരോഗ്യ സംഘടന പ്രതിനിധി എഡ്വിൻ സാൽവദോർ പറഞ്ഞു.
എന്നാൽ രാജ്യത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ വിവരങ്ങൾ ലോകാരോഗ്യ സംഘടനക്ക് ലഭിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. അത്‌ലറ്റുകൾക്ക് വൈറസ് ബാധിക്കുന്നത് തടയാൻ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് രാജ്യത്തിന്‍റെ തീരുമാനം.
ലോകരാജ്യങ്ങളിലേക്ക് വാക്സിനുകൾ അയക്കാനുള്ള യുഎന്നിന്‍റെ പരിപാടിയുടെ ഭാഗമായി ഉത്തര കൊറിയയ്ക്ക് ഈ വർഷം ആദ്യ പകുതിയോടെ 1.9 ദശലക്ഷം വാക്സിൻ ഡോസുകൾ ലഭിക്കും.