ബീജിംഗ്: രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച എട്ട് പേരുൾപ്പടെ ചൈനയിൽ 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാൽ, മഹാമാരിയായി മാറിയ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്ന് പോസിറ്റീവ് കേസുകളൊന്നും പുതുതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇവിടെ 11 ദശലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ മുമ്പ് അറിയിച്ചിരുന്നു. ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍റെ (എൻഎച്ച്‌സി) കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം മാത്രം ഏഴു വൈറസ് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. ഇതിൽ ആറ് പേർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നതാണ്.
ചൈനയിൽ 15 പേർക്ക് കൂടി കൊവിഡ്; വുഹാനിൽ പുതിയ കേസുകളില്ല - hube
11 ദശലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അറിയിച്ച വുഹാനിൽ നിന്നും പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അതിവേഗത്തിൽ രോഗവ്യാപനം ഉണ്ടായ ഹുബെ പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും ജനുവരി 23 മുതൽ നിലനിന്നിരുന്ന ലോക്ക് ഡൗൺ ഏപ്രിൽ എട്ടിന് പിൻവലിച്ചിരുന്നു. വുഹാൻ നഗരത്തിലെ എല്ലാ നിവാസികളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനും ഗവൺമെന്‍റ് പദ്ധതിയിട്ടുണ്ട്. വുഹാനിലെ 3,869 മരണം ഉൾപ്പടെ ഹുബെ പ്രവിശ്യയിൽ വൈറസ് ബാധിച്ച് മൊത്തം 4,512 പേർക്ക് ജീവൻ നഷ്‌ടമായി. ഹുബെയിലെ ആകെ കേസുകളുടെ എണ്ണം 68,134 ആണ്. ഇതിൽ 50,339 പേർ വുഹാനിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 4,633 ആണ്. രാജ്യത്ത് ആകെ 82,926 പേർക്ക് വൈറസ് പിടിപെട്ടിട്ടുണ്ട്. ഇതിൽ 104 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. പത്ത് പേരുടെ നില ഗുരുതരമാണെന്നും എൻഎച്ച്‌സി റിപ്പോർട്ട് ചെയ്യുന്നു.