ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരൻ കുല്‍ഭൂഷണ്‍ ജാദവ് കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കാന്‍ തയാറായില്ലെന്ന് പാകിസ്ഥാൻ. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ ജൂണ്‍ 17 വരെ കുല്‍ഭൂഷണ് സമയം അനുവദിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിയമപരമായ അവകാശം എന്ന നിലയിലാണ് അത്തരത്തില്‍ ഒരു അവസരം നല്‍കിയത്. എന്നാല്‍ ഹര്‍ജി നല്‍കാൻ കുല്‍ഭൂഷണ്‍ ജാദവ് തയാറായില്ലെന്ന് പാകിസ്ഥാൻ അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ പഞ്ഞു. അതേസമയം കുല്‍ഭൂഷണ്‍ ദയാഹര്‍ജി നല്‍കാന്‍ ശ്രമിക്കുന്നതായി ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതിന് വേണ്ട നിയമസഹായങ്ങള്‍ പാകിസ്ഥാൻ നല്‍കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്.
കുല്ഭൂഷണ് ജാദവ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ തയാറായില്ലെന്ന് പാകിസ്ഥാൻ
വധശിക്ഷയ്‌ക്ക് വിധിച്ച കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ് വേണ്ട സൗകര്യങ്ങളൊരുക്കി നല്‍കണമെന്ന് അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു
കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവിന് വേണ്ട സൗകര്യങ്ങളൊരുക്കി നല്‍കണമെന്ന് അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. ഇത് അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്നാണ് പാകിസ്ഥാന്‍റെ വാദം. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി. ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് സൈന്യം അറസ്റ്റ് ചെയ്‌തത്. പിന്നാലെ 2017 ഏപ്രിലില്‍ ഇദ്ദേഹത്തെ വധശിക്ഷയ്‌ക്ക് വിധിച്ചു. ഇന്ത്യയുടെ ഇടപെടലിലൂടെയാണ് പാക് കോടതി വിധി അന്താരാഷ്‌ട്ര നീതിന്യായ കോടതി മരവിപ്പിച്ചത്.