ടോക്കിയോ : തലസ്ഥാന നഗരമായ ടോക്കിയോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയായ അറ്റാമിയിലുണ്ടായ ഉരുള്‍പ്പെട്ടലില്‍ രക്ഷാപ്രവർത്തനം തുടരുന്നു. ആയിരത്തിലധികം സൈനികരും അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. സംഭവത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും 20 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
19 പേരെ രക്ഷപ്പെടുത്തിയതായും 130 വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും പ്രധാനമന്ത്രി യോഷിഹിഡെ സുഗ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം കൂടാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.